
തിരുവനന്തപുരം : കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്നതിനുള്ള മുന്നൊരുക്കങ്ങളുമായി അധികൃതർ. കെഎസ്ആർടിസി ബസുകളിൽ യാത്ര ചെയ്യുന്ന സ്ത്രീകളുടെയും പുരുഷന്മാരുടെയും കൃത്യമായ എണ്ണം ശേഖരിക്കാൻ നിർദ്ദേശം നൽകി. നാളെ മുതൽ കെഎസ്ആർടിസി ടിക്കറ്റ് മെഷീനുകളിൽ ലിംഗഭേദം രേഖപ്പെടുത്തും.
ടിക്കറ്റിൽ സ്ത്രീ എന്നോ പുരുഷൻ എന്നോ പ്രത്യേകം രേഖപ്പെടുത്താനാണ് കെഎസ്ആർടിസി അഡിഷണൽ ജനറൽ മാനേജർ ഉത്തരവിട്ടത്. ഒരു ദിവസം ശരാശരി എത്ര സ്ത്രീകൾ യാത്ര ചെയ്യുന്നുണ്ടെന്നും പദ്ധതി നടപ്പിലാക്കിയാൽ മാസം എത്ര രൂപയുടെ അധിക ബാധ്യത വരുമെന്നും ധനവകുപ്പ് ചോദിച്ചിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്ര.
തിരഞ്ഞെടുപ്പിൽ യുഡിഎഫ് ഉജ്ജ്വല വിജയം നേടിയ പശ്ചാത്തലത്തിലാണ് നടപടി. പുതിയ സർക്കാർ അധികാരമേറ്റ ശേഷമായിരിക്കും പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനവും നടപ്പിലാക്കലും ഉണ്ടാവുകയെന്ന് അധികൃതർ അറിയിച്ചു.