
കണ്ണൂർ : ആർജെഡി നേതൃത്വത്തിനെതിരെയും പാർട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങളെക്കുറിച്ചും തുറന്നുപറഞ്ഞ് മുൻമന്ത്രി കെപി മോഹനൻ. തന്നെയെയും സഹോദരപുത്രനായ പികെ പ്രവീണിനെയും തമ്മിലടിപ്പിക്കാൻ പാർട്ടിയിൽ ചിലർ ബോധപൂർവം ശ്രമിച്ചതായും മോഹനൻ ആരോപിച്ചു. പാർട്ടിയിലെ ഒരു വിഭാഗം പികെ പ്രവീണിനെ തനിക്കെതിരെ ഉയർത്തിക്കാട്ടാൻ ശ്രമിച്ചു.
തന്റെ കുടുംബത്തിൽ നിന്നുള്ള ഒരാളുടെ പേര് സ്ഥാനാർത്ഥിയായി താൻ തന്നെ നിർദ്ദേശിക്കുന്നത് ശരിയല്ലാത്തതിനാലാണ് പ്രവീണിന്റെ കാര്യത്തിൽ മൗനം പാലിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇത്തവണ താൻ മത്സരിക്കാനില്ലെന്ന കാര്യം ഒന്നര വർഷം മുമ്പ് തന്നെ പാർട്ടിയെ അറിയിച്ചിരുന്നു. അഞ്ച് തവണ മത്സരിക്കുകയും നാല് തവണ വിജയിക്കുകയും ചെയ്ത താൻ ഒരു തവണ മന്ത്രിയായും സേവനമനുഷ്ഠിച്ചു. ഇനി മാറിനിൽക്കാമെന്നത് സ്വന്തം തീരുമാനമായിരുന്നു.
താൻ ഇനി മത്സരിക്കരുത് എന്ന ആവശ്യവുമായി പാർട്ടിയിലെ ചിലർ നേരത്തെ രംഗത്തുവന്നിരുന്നു. 2011 മുതൽ കൂത്തുപറമ്പിനെ പ്രതിനിധീകരിച്ചിരുന്ന തന്നെ പാർട്ടി വേണ്ടത്ര പരിഗണിച്ചില്ലെന്ന പരാതിയും കെപി മോഹനനുണ്ട്. അഞ്ച് തവണ ജനവിധി തേടിയ തനിക്ക് മതിയായ വിശ്രമം ആവശ്യമാണെന്നും പാർട്ടിയിലെ ചിലരുടെ സമീപനം തന്നെയും കുടുംബത്തെയും വേദനിപ്പിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.