
കോഴിക്കോട് : നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നടക്കുന്ന മേയ് 4 തിങ്കളാഴ്ച കോഴിക്കോട് ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗാണ് ഉത്തരവിറക്കിയത്. വോട്ടെണ്ണൽ ദിനത്തിൽ സംഘർഷ സാധ്യതകൾ ഒഴിവാക്കാനും ക്രമസമാധാനം ഉറപ്പുവരുത്താനുമാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.
ജില്ലയിലുടനീളം നിരോധനാജ്ഞ നിലനിൽക്കുന്നതിനാൽ കൂട്ടംകൂടുന്നതിനും സംഘർഷ സാധ്യതയുള്ള പ്രവർത്തനങ്ങൾക്കും വിലക്കുണ്ടാകും. ആഘോഷ പ്രകടനങ്ങൾ നടത്തുന്നതിന് മുൻകൂറായി പോലീസിന്റെ അനുമതി വാങ്ങിയിരിക്കണം. എല്ലാത്തരം ആഹ്ലാദപ്രകടനങ്ങളും രാത്രി 7 മണിക്ക് മുൻപായി അവസാനിപ്പിക്കണം. ആഘോഷങ്ങളിൽ ഡിജെ സൗണ്ട് സിസ്റ്റങ്ങൾ ഉപയോഗിക്കാൻ പാടില്ലെന്ന് പോലീസ് കർശന നിർദ്ദേശം നൽകി.
പടക്കങ്ങളോ മറ്റ് സ്ഫോടകവസ്തുക്കളോ പ്രകടനങ്ങളിൽ ഉപയോഗിക്കാൻ പാടുള്ളതല്ല. ആഘോഷങ്ങൾ അതിരുവിട്ടാലോ നിയമലംഘനം നടത്തിയാലോ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ ഭരണകൂടവും പോലീസും മുന്നറിയിപ്പ് നൽകി.