
തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ അനാസ്ഥ കാരണമാണ് രോഗി മരിച്ചതെന്ന് കുടുംബം. കൊല്ലം പന്മന സ്വദേശി വേണു (48) ആണ് ഇന്നലെ മരിച്ചത്. ആൻജിയോഗ്രാമിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ച വേണുവിന് ആറ് ദിവസമായിട്ടും ആവശ്യമായ ചികിത്സ ലഭിച്ചില്ലെന്നാണ് കുടുംബത്തിന്‍റെ പരാതി.
താൻ മരിച്ചാൽ അതിന് കാരണം ആശുപത്രിയുടെ അനാസ്ഥയായിരിക്കും എന്ന് വേണു സുഹൃത്തിനയച്ച ശബ്ദസന്ദേശം പുറത്തുവന്നു. നായയെ നോക്കുന്ന ശ്രദ്ധപോലും മെഡിക്കൽ കോളേജിൽ രോഗികളെ തിരിഞ്ഞുനോക്കുന്നില്ല എന്നും ഓട്ടോറിക്ഷാ ഡ്രൈവറായ വേണു ശബ്ദസന്ദേശത്തിൽ പറയുന്നുണ്ട്. ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്നാണ് മെഡിക്കൽ കോളേജ് അധികൃതർ വിശദീകരിക്കുന്നത്.
രോഗിയെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും ആൻജിയോപ്ലാസ്റ്റി ചെയ്യാനുള്ള സമയം കഴിഞ്ഞിരുന്നു. രോഗിയുടെ നില ആദ്യം തൃപ്തികരമായിരുന്നെങ്കിലും പെട്ടെന്നാണ് വഷളായത്. ഇന്നലെ ഹാർട്ട് ഫെയ്ലർ ഉണ്ടായതിനെത്തുടർന്നാണ് മരണം സംഭവിച്ചതെന്നും സാധ്യമായ എല്ലാ ചികിത്സയും നൽകിയിരുന്നു എന്നും അധികൃതർ അറിയിച്ചു.