
കണ്ണൂർ:കൂത്തുപറമ്പ് എം.എൽ.എ. കെ.പി. മോഹനനെതിരെ പെരിങ്ങത്തൂർ കരിയാട് വെച്ച് നാട്ടുകാരുടെ കയ്യേറ്റശ്രമം. പ്രദേശത്തെ മാലിന്യപ്രശ്നം പരിഹരിക്കാത്തതിനെ തുടർന്നുള്ള പ്രതിഷേധമാണ് അക്രമത്തിലേക്ക് വഴിമാറിയത്.കരിയാട് ഒരു അംഗൻവാടി ഉദ്ഘാടനത്തിനായാണ് കെ.പി. മോഹനൻ എം.എൽ.എ. എത്തിയത്.
മാസങ്ങളായി ഈ പ്രദേശത്ത് പ്രവർത്തിക്കുന്ന ഒരു ഡയാലിസിസ് സെന്ററിലെ മാലിന്യം പുറത്തേക്ക് ഒഴുക്കുന്നതിനെതിരെ നാട്ടുകാർ പ്രതിഷേധിച്ചുവരികയായിരുന്നു.ഈ ഗുരുതര പ്രശ്നം നാട്ടുകാർ അറിയിച്ചിട്ടും എം.എൽ.എ. വേണ്ടവിധം പരിഗണിച്ചില്ല എന്ന ആരോപണമാണ് കയ്യേറ്റത്തിലേക്ക് നയിച്ചത്.പ്രതിഷേധക്കാർക്കിടയിലൂടെ എം.എൽ.എ. ഒറ്റയ്ക്ക് നടന്നുപോകുമ്പോഴാണ് പ്രകോപിതരായ നാട്ടുകാർ അദ്ദേഹത്തെ തടഞ്ഞത്.
ഒടുവിൽ, പ്രതിഷേധക്കാർ എം.എൽ.എയെ പിടിച്ചു തള്ളുകയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു. സ്ഥലത്ത് വലിയ വാക്കേറ്റവും ഉണ്ടായി. എം.എൽ.എയുടെ ഒപ്പം പാർട്ടിക്കാരോ മറ്റോ ഉണ്ടായിരുന്നില്ല.