
കണ്ണൂർ : സംസ്ഥാനത്ത് കടുത്ത ചൂടിനെത്തുടർന്ന് റെക്കോർഡ് വേഗത്തിൽ കുതിച്ചിരുന്ന വൈദ്യുതി ഉപഭോഗം കുറഞ്ഞു തുടങ്ങി. ഇന്നലെ മുതല്‍ സംസ്ഥാനത്ത് വേനല്‍ മഴ പെയ്തു തുടങ്ങിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ച വേനൽ മഴയെത്തുടർന്ന് ചൂട് കുറഞ്ഞതാണ് ഉപഭോഗം കുറയാൻ കാരണമായത്. ഇതോടെ ലോഡ് വർധനവ് മൂലം ട്രിപ്പാകുന്നതും പ്രാദേശികമായ നിയന്ത്രണങ്ങളും ഒഴിവാക്കാൻ കഴിഞ്ഞതായി കെഎസ്ഇബി അറിയിച്ചു.
കടുത്ത വേനലിൽ വൈദ്യുതി ഉപയോഗം റെക്കോർഡ് നിലവാരത്തിൽ എത്തിയിരുന്നു. ഓവർ ലോഡ് കാരണം പലയിടങ്ങളിലും ട്രാൻസ്ഫോർമറുകൾ ട്രിപ്പാകുന്നതും വോൾട്ടേജ് ക്ഷാമവും നേരിട്ടിരുന്നു. ഇന്നലെ അത്തരം പ്രശ്നങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി. വരുന്ന ദിവസങ്ങളിൽ വേനൽ മഴ കൂടുതൽ ശക്തമാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന സൂചന.
മഴ തുടരുന്നതോടെ ഉപഭോഗം ഇനിയും കുറയുമെന്നാണ് പ്രതീക്ഷ. ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.