Banner Ads

എൻഎസ്എസ്സുമായി ഒരു അഭിപ്രായവ്യത്യാസവുമില്ല: വി ഡി സതീശൻ.

കൊച്ചി: എൻഎസ്എസ്സുമായി കോൺഗ്രസിന് ഒരു അഭിപ്രായഭിന്നതയുമില്ലെന്ന് വി ഡി സതീശൻ വ്യക്തമാക്കി. ഒരു സമുദായവുമായും കോൺഗ്രസ് സംഘർഷത്തിന് തയ്യാറല്ല. സമുദായ സംഘടനകൾക്ക് അവരുടേതായ തീരുമാനങ്ങൾ എടുക്കാൻ സ്വാതന്ത്ര്യമുണ്ട്, അതുപോലെ പാർട്ടിക്കും മുന്നണിക്കും അവരുടേതായ തീരുമാനങ്ങളെടുക്കാൻ സ്വാതന്ത്ര്യമുണ്ട്.

എൻഎസ്എസ്സിനോടോ മറ്റ് സമുദായ സംഘടനകളോടോ കോൺഗ്രസിന് ശത്രുതയോ ഭിന്നതയോ ഇല്ലെന്നും യുഡിഎഫിന് എല്ലാവരോടും ഒരേ നിലപാടാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ തന്നെ നിന്ദ്യമായ ഭാഷയിലാണ് വിമർശിച്ചതെങ്കിലും താൻ അതിന് മറുപടി നൽകിയില്ലെന്ന് സതീശൻ പറഞ്ഞു.

വളരെ വിനയത്തോടെ മാത്രമാണ് താൻ പ്രതികരിച്ചത്. വെള്ളാപ്പള്ളി വിമർശിച്ചു എന്നതിന്റെ പേരിൽ എസ്എൻഡിപി യോഗത്തോട് ഒരു വിരോധവുമില്ലെന്നും ഒരു പ്രതിപക്ഷ നേതാവ് എന്ന നിലയിൽ ഇത്തരം വിമർശനങ്ങൾ കേൾക്കേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി.സർക്കാരിന്റെ അയ്യപ്പ സംഗമത്തിൽ പങ്കെടുക്കേണ്ടെന്ന യുഡിഎഫിന്റെയും കോൺഗ്രസിന്റെയും തീരുമാനം രാഷ്ട്രീയപരമാണ്.

ഈ തീരുമാനം പ്രഖ്യാപിച്ചപ്പോൾ തന്നെ, സമുദായ സംഘടനകൾക്ക് അവരുടെ ഇഷ്ടത്തിനനുസരിച്ച് തീരുമാനമെടുക്കാമെന്ന് താൻ പറഞ്ഞിരുന്നു. എൻഎസ്എസ് സംഗമത്തിൽ പങ്കെടുക്കാൻ തീരുമാനിച്ചതും, യോഗക്ഷേമസഭ വിട്ടുനിൽക്കാൻ തീരുമാനിച്ചതും അവരുടെ ഇഷ്ട്ടപ്രകാരമാണ്. തെരഞ്ഞെടുപ്പ് അടുത്തുവരുന്ന ഈ സാഹചര്യത്തിൽ സർക്കാർ കപടഭക്തിയുമായി വരുമ്പോൾ അത് ജനങ്ങളുടെ മുന്നിൽ തുറന്നുകാണിക്കേണ്ട ഉത്തരവാദിത്തം പ്രതിപക്ഷത്തിനുണ്ടെന്നും വി ഡി സതീശൻ പറഞ്ഞു.