
തിരുവനന്തപുരം : സംസ്ഥാനത്തെ നിപ പ്രതിരോധ പ്രവർത്തനങ്ങളിലും ദേവസ്വം സ്പെഷ്യൽ പ്ലീഡർ നിയമനത്തിലും സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ആരോഗ്യവകുപ്പ് നിപ ഭീഷണിയെ വേണ്ടത്ര ഗൗരവത്തോടെ കാണുന്നില്ലെന്നും വകുപ്പുകൾ തമ്മിൽ യാതൊരുവിധ ഏകോപനവുമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കോർഡിനേഷൻ വളരെ ശോചനീയമായ അവസ്ഥയിലാണെന്നും ആരോഗ്യമന്ത്രി കൃത്യമായി ഇടപെടുകയോ സംഭവസ്ഥലം സന്ദർശിക്കുകയോ ചെയ്തിട്ടില്ലെന്നും പിണറായി വിജയൻ പറഞ്ഞു. ജാഗ്രതയോടെയുള്ള ഒരു നീക്കവും സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല. ദേവസ്വം പ്ലീഡർ നിയമനത്തിലും പ്രതിപക്ഷ നേതാവ് സർക്കാരിനെതിരെ വിമർശനമുന്നയിച്ചു.
നിയമനം തികച്ചും വിചിത്രമാണെന്നും ദേവസ്വം മന്ത്രി പോലും അറിയാതെ എങ്ങനെയാണ് ഇത്തരമൊരു നിയമനം നടക്കുകയെന്നും പിണറായി വിജയൻ ചോദിച്ചു. നിയമനം കള്ളന് ചൂട്ട് പിടിക്കുന്നത് പോലെയെന്നും പിണറായി കുറ്റപ്പെടുത്തി.