
തിരുവനന്തപുരം : അബുദാബിയിൽ വെച്ച് പ്രണയത്തിലാവുകയും ഗർഭിണിയായ ശേഷം നാട്ടിലേക്ക് കടന്നുകളയുകയും ചെയ്ത കഠിനംകുളം സ്വദേശിയായ യുവാവിനെ തേടിയെത്തിയ വിദേശ വനിത ആത്മഹത്യയ്ക്ക് ശ്രമിച്ചു. ശ്രീലങ്കൻ സ്വദേശിനിയായ യുവതിയാണ് അമിത അളവിൽ പാരസെറ്റമോൾ ഗുളിക കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്.
യുവതിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസമാണ് ശ്രീലങ്കൻ യുവതി കഠിനംകുളം സ്വദേശിയായ യുവാവിനെ അന്വേഷിച്ച് തിരുവനന്തപുരത്ത് എത്തിയത്. വിമാനത്താവളത്തിൽ നിന്നും നേരെ ടാക്സിയിൽ യുവാവിന്റെ കഠിനംകുളത്തുള്ള വീട്ടിലെത്തിയെങ്കിലും ഇവരെ കാണാനോ സംസാരിക്കാനോ യുവാവോ വീട്ടുകാരോ തയ്യാറായില്ല.
തുടർന്ന് തിരുവനന്തപുരത്തെ ഒരു ഹോട്ടലിൽ മുറിയെടുത്ത യുവതി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. അബോധാവസ്ഥയിലായ യുവതിയെ ഹോട്ടൽ അധികൃതരാണ് ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജിലും എത്തിച്ചത്. തുടർന്ന് ഹോട്ടലുകാർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. അബുദാബിയിൽ ഒരുമിച്ച് ജോലി ചെയ്യുന്നതിനിടയിലാണ് ഇരുവരും പ്രണയത്തിലാകുന്നത്.
യുവതി ഗർഭിണിയായതോടെ യുവാവ് നാട്ടിലേക്ക് മുങ്ങുകയായിരുന്നു. വിവാഹിതനും മൂന്ന് കുട്ടികളുടെ പിതാവുമായ ഇയാളെ തേടി യുവതി മുൻപും രണ്ടുതവണ തിരുവനന്തപുരത്ത് എത്തിയിരുന്നു. തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ വെച്ച് യുവതിയുടെ ഗർഭച്ഛിദ്രം നടത്തുകയും പിന്നാലെ താൻ എത്തിക്കൊള്ളാമെന്ന് വിശ്വസിപ്പിച്ച് യുവാവും കുടുംബവും ചേർന്ന് ഇവരെ നാട്ടിലേക്ക് മടക്കി അയക്കുകയുമായിരുന്നു.
എന്നാൽ നാട്ടിലെത്തിയ ശേഷം യുവതി ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഇയാൾ ഫോൺ എടുക്കാൻ കൂട്ടാക്കിയില്ല. ഇതോടെയാണ് യുവതി വീണ്ടും കേരളത്തിലെത്തിയത്. അതേസമയം ശ്രീലങ്കൻ യുവതി വീട്ടിലെത്തിയതിന് പിന്നാലെ യുവാവിന്റെ ഭാര്യ കഠിനംകുളം പോലീസിൽ പരാതി നൽകിയിട്ടുണ്ട്.