
പാട്ന : ജനസേവ എക്സ്പ്രസ് ട്രെയിനിൽ വിഷപ്പാമ്പുകളുമായി കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യാത്രക്കാരിൽ നിന്ന് പണം തട്ടിയിരുന്ന ആറംഗ സംഘം പിടിയിൽ. റെയിൽവേ സംരക്ഷണ സേന (ആർപിഎഫ്) നടത്തിയ മിന്നൽ പരിശോധനയിലാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. ഇവരുടെ പക്കൽ നിന്ന് പത്ത് വിഷപ്പാമ്പുകളെ ആർപിഎഫ് സംഘം പിടിച്ചെടുത്തു.
ദിവസേന നൂറുകണക്കിന് ആളുകൾ സഞ്ചരിക്കുന്ന ട്രെയിനിലെ ജനറൽ കംപാർട്ട്മെന്റുകളിലാണ് പ്രതികൾ സ്ഥിരമായി ഭീതി പടർത്തിയിരുന്നത്. യാത്രക്കാർക്ക് മുന്നിൽ വിഷപ്പാമ്പുകളെ പ്രദർശിപ്പിച്ച് ഭീഷണിപ്പെടുത്തുകയും വലിയ തുക ആവശ്യപ്പെടുകയുമായിരുന്നു ഇവരുടെ രീതി.
പണം നൽകാൻ വിസമ്മതിക്കുന്നവർക്ക് നേരെ പാമ്പുകളെ തുറന്നുവിടുമെന്ന് ഭീഷണിപ്പെടുത്തിയാണ് സംഘം പണം തട്ടിയെടുത്തിരുന്നത്. കഴിഞ്ഞ ദിവസം വൈകിട്ട് കംപാർട്ട്മെന്റിൽ പാമ്പുകളുമായെത്തിയ സംഘത്തിന്റെ ഭീഷണി സഹിക്കവയ്യാതെ ഒരു യാത്രക്കാരൻ റെയിൽ മദദ് ആപ്പ് വഴി ആർപിഎഫിന് അടിയന്തര സന്ദേശം അയക്കുകയായിരുന്നു.
തുടർന്ന് ട്രെയിനിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെത്തി പ്രതികളെ വളഞ്ഞു. അറസ്റ്റിൽ നിന്ന് രക്ഷപ്പെടാനായി പ്രതികൾ ട്രെയിനിനുള്ളിൽ തന്നെ പാമ്പുകളെ തുറന്നുവിട്ട് ഭീകരാന്തരീക്ഷം സൃഷ്ടിക്കാൻ ശ്രമിച്ചെങ്കിലും ഉദ്യോഗസ്ഥർ സാഹസികമായി ഇവരെ കീഴടക്കുകയായിരുന്നു. തുടർന്ന് റെയിൽവേ സ്റ്റേഷനിൽ എത്തിച്ച ശേഷവും പാമ്പുകളെ തുറന്നുവിട്ട് ഓടി രക്ഷപ്പെടാൻ സംഘം ശ്രമം നടത്തി.