
ഇരിട്ടി: കനത്ത മഴ തുടരുന്നതിനിടെ കക്കുവ പുഴയും ബാവലി പുഴയും കരകവിഞ്ഞു. വീടുകളിൽ വെള്ളം കയറി. മുണ്ടയാംപറമ്പ് നടുക്കുന്നിയിൽ ഏഴ് വീട്ടുകാരെയും, ആറളം ഫാം ബ്ലോക്ക് 13ൽ അഞ്ച് കുടുംബങ്ങളെയും ആർ ആർ ട്ടി ഓഫീസിനു സമീപമുള്ള അംഗൻവാടിയിലേക്കും ആറു കുടുംബങ്ങളെ ബന്ധുവീടുകളിലേക്കും മാറ്റിപ്പാർപ്പിച്ചു.
ആറളം ഫാം ബ്ലോക്ക് 11ൽ വെള്ളം കയറി കുടുംബങ്ങളെ അംഗൻവാടിയിലേക്ക് മാറ്റി. ഇന്നലെ വൈകിട്ട് ഏഴ് മണിയോടെയാണ് വെള്ളം ഉയരാൻ തുടങ്ങിയത്. ഇന്നലെ രാത്രി ഒൻപത് മണിയോടെ വെള്ളം താഴ്ന്നു തുടങ്ങി. കരിക്കോട്ടക്കരി കളരിക്കൽ പാലത്തിൽ വെള്ളം കയറി ഗതാഗതം തടസപ്പെട്ടു.
മുണ്ടയാംപറമ്പ് മേഖലയിലെ താഴ്ന്ന മേഖലകളിലെ വീടുകളിൽ വെള്ളം കയറിയതോടെ നാട്ടുകാരുടെ നേതൃത്വത്തിൽ മാറ്റിപ്പാർപ്പിച്ചു. ഇരിട്ടി അഗ്നിരക്ഷാ സേനയും സ്ഥലത്ത് എത്തിയിരുന്നു.