
കൊച്ചി : മലയാള സിനിമാ മേഖലയിൽ സമീപകാലത്തായി കണ്ടുവരുന്ന റീ-റിലീസ് തരംഗത്തിലേക്ക് മറ്റൊരു സൂപ്പർതാര ചിത്രമെത്തുന്നു. മോഹൻലാൽ, മമ്മൂട്ടി ചിത്രങ്ങൾക്ക് പിന്നാലെ നടൻ ദിലീപ് നായകനായെത്തിയ ഹിറ്റ് ചിത്രം കല്യാണരാമൻ വീണ്ടും തിയറ്ററുകളിലെത്താനൊരുങ്ങുകയാണ്. സിനിമ 4K അറ്റ്‌മോസ് സാങ്കേതിക മികവിൽ റിലീസ് ചെയ്യുമെന്ന് നടൻ ദിലീപ് തന്നെയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്.
ഇത് സംബന്ധിച്ച പോസ്റ്ററും ദിലീപ് പങ്കുവെച്ചിട്ടുണ്ട്. വൈകാതെ സിനിമയുടെ റീ റിലീസ് തിയതി പുറത്തുവരും. വാർത്ത പുറത്തുവന്നതിന് പിന്നാലെ നിരവധി ആരാധകരാണ് കമന്റുകളുമായി രംഗത്തെത്തിയത്. മീശ മാധവൻ, റൺവേ, C. I. D. മൂസ, വെട്ടം തുടങ്ങിയ ദിലീപ് ചിത്രങ്ങളും റീ-റിലീസ് ചെയ്യണമെന്നാണ് കമന്റുകളിൽ ഏറെയും.