
കോട്ടയം: ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ പ്രസിദ്ധമായ ഏഴരപ്പൊന്നാനയിൽ ഉപയോഗിച്ചിരിക്കുന്ന സ്വർണത്തിന്റെ ശുദ്ധി പരിശോധിച്ച് ഉറപ്പുവരുത്താൻ ഹൈക്കോടതി നിർദേശം നൽകി. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ചീഫ് വിജിലൻസ് ഓഫീസറാണ് പരിശോധനയ്ക്ക് നേതൃത്വം നൽകേണ്ടത്. ആവശ്യമായാൽ ഒരു വിദഗ്ധ സ്വർണപ്പണിക്കാരന്റെ സേവനവും തേടണമെന്നാണ് കോടതിയുടെ നിർദേശം.
ഏഴരപ്പൊന്നാനയുടെ അറ്റകുറ്റപ്പണിക്കിടെ യഥാർത്ഥ സ്വർണപ്പാളികൾ മാറ്റി പകരം ചെമ്പ് അല്ലെങ്കിൽ വിലകുറഞ്ഞ മറ്റ് ലോഹങ്ങൾ ഉപയോഗിച്ചെന്നാരോപിച്ച് ഭക്തനായ എ. ജി. പ്രസാദ് കുമാർ ഹൈക്കോടതി ദേവസ്വം ബെഞ്ചിന് പരാതി നൽകിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതി വിഷയത്തിൽ ഇടപെട്ടത്.
പരാതിയിൽ, സമീപകാലത്ത് നടന്ന അറ്റകുറ്റപ്പണികൾക്കും നവീകരണ പ്രവർത്തനങ്ങൾക്കും ഇടയിലാണ് സ്വർണപ്പാളികൾ മാറ്റിയതെന്നാണ് ആരോപണം. തുടർന്ന് ഹൈക്കോടതി ക്ഷേത്ര അഡ്മിനിസ്ട്രേറ്റീവ് ഓഫീസറോടും ദേവസ്വം ബോർഡിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോടും വിശദീകരണം തേടി.കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ, ഏഴരപ്പൊന്നാനയിൽ യാതൊരു അറ്റകുറ്റപ്പണിയും നടത്തിയിട്ടില്ലെന്നും രേഖകൾ പരിശോധിച്ചപ്പോൾ സ്വർണത്തിന്റെ അളവിലോ ശുദ്ധിയിലോ കുറവുണ്ടായതായി കണ്ടെത്തിയിട്ടില്ലെന്നും വ്യക്തമാക്കിയിരുന്നു.
ഈ റിപ്പോർട്ട് തള്ളിക്കളയേണ്ട സാഹചര്യമില്ലെങ്കിലും, വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് സ്വർണത്തിന്റെ ശുദ്ധി സംബന്ധിച്ച് വിശദമായ പരിശോധന നടത്തേണ്ടത് ആവശ്യമാണ് എന്ന് ഹൈക്കോടതി നിരീക്ഷിച്ചു. അതിന്റെ അടിസ്ഥാനത്തിലാണ് ദേവസ്വം ബോർഡിന്റെ ചീഫ് വിജിലൻസ് ഓഫീസർ നേരിട്ട് പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്ന് കോടതി നിർദേശിച്ചത്.