Banner Ads

സ്കൂൾ പരിസരത്തെ പുകയില നിരോധന പരിധി 500 മീറ്ററാക്കണം; സർക്കാരിനോട് വിശദീകരണം തേടി മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട് : സ്കൂൾ പരിസരങ്ങളിൽ പുകയില, ലഹരി ഉത്പന്നങ്ങളുടെ വിൽപ്പന നിരോധിച്ചിട്ടുള്ള നിലവിലെ പരിധി ഉയർത്തുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനോട് നയപരമായ നിലപാട് വ്യക്തമാക്കാൻ മനുഷ്യാവകാശ കമ്മീഷൻ. 100 മീറ്റർ പരിധി 500 മീറ്ററായി ഉയർത്തണമെന്ന നിർദ്ദേശത്തിലാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ് ചീഫ് സെക്രട്ടറിക്ക് അടിയന്തര നിർദ്ദേശം നൽകിയത്.

സംസ്ഥാന സർക്കാർ സ്വീകരിക്കുന്ന നയങ്ങൾ വിശദീകരിച്ച് ഒരു മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. വെസ്റ്റ് ഹിൽ റസ്റ്റ് ഹൗസിൽ ജൂണിൽ നടക്കുന്ന കമ്മീഷൻ സിറ്റിംഗിൽ ഈ കേസ് വീണ്ടും പരിഗണിക്കും. സ്കൂളുകളുടെ 100 മീറ്റർ ചുറ്റളവ് എന്നത് വളരെ കുറഞ്ഞ ദൂരമായതിനാൽ വിദ്യാർത്ഥികൾക്ക് ലഹരിവസ്തുക്കൾ എളുപ്പത്തിൽ ലഭ്യമാകാൻ നിലവിലെ സാഹചര്യം കാരണമാകുന്നുണ്ടെന്ന പരാതിയിലാണ് കമ്മീഷന്റെ ഇടപെടൽ.

ഭാവിതലമുറയെ പുകയിലയുടെയും മറ്റ് മാരക ലഹരി വസ്തുക്കളുടെയും വിപത്തുകളിൽ നിന്നും പൂർണ്ണമായി രക്ഷിക്കുന്നതിന് നിലവിലെ കോട്പ നിയമങ്ങളിൽ കാലാനുസൃതവും അടിയന്തരവുമായ ഭേദഗതി വരുത്തേണ്ടത് അനിവാര്യമാണെന്ന് പ്രൊഫ വർഗീസ് മാത്യു സമർപ്പിച്ച പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു.