Banner Ads

പിലാത്തറ-പാപ്പിനിശ്ശേരി കെ എസ് ടി പി റോഡിൽ ലോറികൾ കൂട്ടിയിടിച്ച് അപകടം; ഡ്രൈവർക്ക് ഗുരുതര പരിക്ക്

പഴയങ്ങാടി : പിലാത്തറ-പാപ്പിനിശ്ശേരി കെ എസ് ടി പി റോഡിൽ മത്സ്യ ലോറിയും നാഷണൽ പെർമിറ്റ് ലോറിയും കൂട്ടിയിടിച്ച് അപകടം. മത്സ്യ ലോറിയുടെ ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു. മംഗലാപുരം സ്വദേശി മഹമ്മദ് അസ്പാക്കിനാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ കണ്ണൂർ പരിയാരം ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ശനിയാഴ്ച ഉച്ചയോടെ കെ എസ് ടി പി റോഡിലെ കോക്കാട് ബസ് സ്റ്റോപ്പിന് സമീപമാണ് അപകടം നടന്നത്. പഴയങ്ങാടി ഭാഗത്തേക്ക് വരികയായിരുന്ന മത്സ്യ ലോറിയും പിലാത്തറ ഭാഗത്തേക്ക് പോവുകയായിരുന്ന നാഷണൽ പെർമിറ്റ് ലോറിയുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ മത്സ്യ ലോറിയുടെ മുൻഭാഗം പൂർണ്ണമായും തകർന്നു. ക്യാബിനുള്ളിൽ മഹമ്മദ് അസ്പാക്ക് കുടുങ്ങിക്കിടക്കുകയായിരുന്നു.

പയ്യന്നൂരിൽ നിന്ന് എത്തിയ അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് ഗ്യാസ് കട്ടറുകൾ ഉൾപ്പെടെ ഉപയോഗിച്ച് ഏറെ നേരത്തെ കഠിന പരിശ്രമത്തിനൊടുവിലാണ് ഇദ്ദേഹത്തെ പുറത്തെടുത്തത്. പിലാത്തറ-പാപ്പിനിശ്ശേരി റൂട്ടിൽ മണിക്കൂറുകളോളം വൻ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.