
ശബരിമല : കർക്കടക മാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട ഇന്ന് (വ്യാഴാഴ്ച) വൈകീട്ട് തുറക്കും. ഭക്തർക്ക് നാളെ (ജൂലൈ 17) മുതൽ സന്നിധാനത്ത് ദർശനം നടത്താനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചു. തിരക്ക് ഒഴിവാക്കാനായി ദർശനത്തിന് വെർച്വൽ ക്യൂ വഴി മുൻകൂട്ടി സ്ലോട്ട് ബുക്ക് ചെയ്യേണ്ടത് നിർബന്ധമാണ്.
ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ മേൽശാന്തി പ്രസാദ് ഇഡി നട തുറന്ന് ശ്രീകോവിലിൽ ദീപം തെളിയിക്കും. തുടർന്ന് ഉപദേവതാ ക്ഷേത്രങ്ങളിലെ നടകളും തുറന്ന് വിളക്കുകൾ തെളിയിച്ച ശേഷം പതിനെട്ടാം പടിക്ക് താഴെയുള്ള ആഴിയിൽ അഗ്നി പകരും.
കർക്കടക മാസം ഒന്നാം തീയതിയായ ജൂലൈ 17ന് പുലർച്ചെ അഞ്ച് മണിക്ക് ഭക്തർക്ക് ദർശനം ആരംഭിക്കും. തുടർന്ന് പതിവ് പൂജകളും നെയ്യഭിഷേകവും നടക്കും. കർക്കടകം ഒന്ന് മുതൽ എല്ലാ ദിവസവും വൈകീട്ട് ദീപാരാധനയ്ക്ക് ശേഷം പതിനെട്ടാം പടിയിൽ പ്രത്യേക പടിപൂജ ഉണ്ടായിരിക്കുന്നതാണ്.