
കൊച്ചി : മലയാള സിനിമയിലെ മുൻനിര സഹനടനായും ഹാസ്യനടനായും വില്ലനായുമെല്ലാം തിളങ്ങിനിൽക്കുന്ന അജു വർഗീസ് തന്റെ ജീവിതത്തിലെ ഏറ്റവും പ്രതിസന്ധി നിറഞ്ഞ കാലഘട്ടത്തെക്കുറിച്ചും മദ്യപാനശീലം ഉപേക്ഷിച്ചതിനെക്കുറിച്ചും തുറന്നുപറയുന്നു.
ഫറ ഷിബിലയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം വ്യക്തിജീവിതത്തിലെയും കരിയറിലെയും ഉയർച്ചതാഴ്ചകൾ പങ്കുവെച്ചത്. തന്റെ ജീവിതത്തിൽ ഉണ്ടായിരുന്ന ഏക ആഡംബരം മദ്യപാനമായിരുന്നു. എന്നാൽ ജയസൂര്യ നായകനായ വെള്ളം എന്ന സിനിമ തിയേറ്ററുകളിൽ കണ്ടതോടെ ആ ശീലവും പൂർണ്ണമായി ഉപേക്ഷിച്ചു. വെള്ളം സിനിമയ്ക്ക് പ്രചോദനമായ യഥാർത്ഥ വ്യക്തിയല്ല എന്നെ സ്വാധീനിച്ചത്.
മറിച്ച് ചിത്രത്തിൽ ജയസൂര്യ എന്ന നടൻ കാഴ്ചവെച്ച അസാധ്യമായ പ്രകടനമാണ് മദ്യപാനം നിർത്താൻ എനിക്ക് പ്രചോദനമായതെന്ന് അജു വർഗീസ് പറഞ്ഞു. മലർവാടി ആർട്സ് ക്ലബ്ബിലൂടെ സിനിമയിലെത്തിയ തനിക്ക് അഭിനയം വിലമതിക്കാനാകാത്തതാണെങ്കിലും കൊവിഡ് കാലം കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് സമ്മാനിച്ചത്.
കൊവിഡ് സമയത്ത് അക്കൗണ്ട് നോക്കിയപ്പോൾ ബാങ്ക് ബാലൻസ് തീരെയില്ലായിരുന്നു. ലോൺ തിരിച്ചടവുകൾക്കായി മൊറട്ടോറിയം ആശ്രയിക്കേണ്ടി വന്നു. ആളുകൾ തിരിച്ചറിയുന്ന പ്രശസ്തിയുണ്ടായിരുന്നെങ്കിലും കയ്യിൽ പണമില്ലാത്ത അവസ്ഥ വലിയ ആശയക്കുഴപ്പമുണ്ടാക്കി. നടൻ എന്ന പേരുണ്ട്. പോപ്പുലറാണ്. അജു വർഗീസ് എന്ന് പോയി പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. എന്നാൽ ബാങ്കിൽ പണമില്ല താനും.
കാശ് ജീവിതത്തിൽ വളരെ പ്രധാനപ്പെട്ടതാണെങ്കിലും അതിന് പുറകെ മാത്രം ഓടാൻ തനിക്ക് താല്പര്യമില്ലായിരുന്നുവെന്നും അജു കൂട്ടിച്ചേർത്തു. വലിയ ആഡംബരങ്ങളൊന്നുമില്ലാത്ത സാധാരണ ജീവിതം നയിക്കാനാണ് താൻ ഇഷ്ടപ്പെടുന്നതെന്ന് വ്യക്തമാക്കുന്നതായിരുന്നു താരത്തിന്റെ വാക്കുകൾ.