
തിരുവനന്തപുരം : ടി20 ലോകകപ്പിലെ ഇന്ത്യയുടെ വിശ്വസ്ത പോരാളിയും ടോപ് സ്കോററുമായ സഞ്ജു സാംസൺ സ്വന്തം നാട്ടിൽ തിരിച്ചെത്തി. ഇന്ന് വൈകിട്ട് ആറ് മണിയോടെ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ താരത്തെ വരവേൽക്കാൻ ആയിരക്കണക്കിന് ആരാധകരാണ് തടിച്ചുകൂടിയത്. മന്ത്രി വി ശിവൻകുട്ടി, എ എ റഹീം എംപി എന്നിവർ ചേർന്ന് സഞ്ജുവിനെ സ്വീകരിച്ചു. വരും ദിവസങ്ങളിൽ സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ ഔദ്യോഗിക സ്വീകരണവും തിരുവനന്തപുരത്ത് സംഘടിപ്പിക്കും.
നിങ്ങളുടെയെല്ലാം പ്രാർത്ഥനയും പിന്തുണയുമാണ് ഈ വിജയത്തിന് പിന്നിലെന്നും ഇതൊരു വലിയ ഉത്തരവാദിത്തമായി ഞാൻ കരുതുന്നുവെന്നും താരം പറഞ്ഞു. വെറും 5 മത്സരങ്ങളിൽ നിന്ന് 321 റൺസ് അടിച്ചുകൂട്ടിയാണ് സഞ്ജു ഇന്ത്യയുടെ ടോപ് സ്കോററായത്. ഗ്രൂപ്പ് ഘട്ടത്തിൽ അഭിഷേക് ശർമയ്ക്ക് അസുഖം ബാധിച്ചപ്പോൾ ലഭിച്ച ചെറിയ അവസരത്തെയാണ് സഞ്ജു വലിയ നേട്ടമാക്കി മാറ്റിയത്.