
ശതാഭിഷേകത്തിന്റെ തിളക്കത്തിലേക്ക് പൂയം തിരുനാൾ ഗൗരി പാർവതി ഭായിതമ്പുരാട്ടി കടക്കുമ്പോൾ, മലയാളി മനസ്സ് തൊട്ടറിയുന്നത് ഒരു കാലഘട്ടത്തിന്റെ പാരമ്പര്യത്തെയാണ്. തിരുവനന്തപുരം വിമൻസ് കോളേജിന്റെ ഇടനാഴികളിലൂടെ, രാജകീയതയുടെ ഒരു
ചെറുപുഞ്ചിരിയുമായി തമ്പുരാട്ടി നടന്നുനീങ്ങിയ ദിനങ്ങൾ ഇന്നും ചരിത്രത്തിന്റെ
ഏടുകളിലുണ്ട്.ഒരേ നിറത്തിലുള്ള വസ്ത്രധാരണവും, മഴയത്ത് കടുംപച്ച ഫുൾ പാവാടയും
ബ്ലൗസും ധരിച്ച് അതേ നിറമുള്ള കുടയും ചൂടി കുതിരവണ്ടിയിൽ വന്നിറങ്ങുന്ന ആ സുന്ദരി തമ്പുരാട്ടിയുടെ ചിത്രം കൂട്ടുകാരുടെ മനസ്സിൽ മായാതെയുണ്ട്.
അന്നത്തെ ആ ഉറ്റ കൂട്ടുകാരിൽ എൻ്റെ അമ്മയും ഒപ്പമുണ്ടായിരുന്നു എന്നത് എത്രയോ മനോഹരമായ ഒരു നിയോഗമാണ്…സൗഹൃദത്തിന്റെ ആകാശത്ത് തിലകക്കുറി ചാർത്തിയ ആ കാലഘട്ടത്തിന് മറ്റൊരുപ്രത്യേകത കൂടിയുണ്ടായിരുന്നു. സാഹിത്യവും സംഗീതവും ഇഴചേർന്ന ആ സൗഹൃദക്കൂട്ടായ്മയിലേക്ക്, അന്ന് തന്റെ പ്രണയിനിയായ എൻ്റെ അമ്മയെ കാണാൻരാമകൃഷ്ണൻ നായർ എന്ന അന്നത്തെ ചെറുപ്പക്കാരൻ കോളേജിൽ എത്തുമ്പോൾ കേരളത്തിന്റെ തനിമയാർന്ന സംഗീത പാരമ്പര്യത്തെ നെഞ്ചിലേറ്റിയ അച്ചൻ അമ്മയെ കാണാൻ വരുമ്പോൾ അവിടെ ചർച്ചയാകുന്നത് മഹത്തായ പാരമ്പര്യമുള്ള സംഗീത കൃതികളായിരുന്നു….
സ്വാതി തിരുനാളിന്റെയും ഇരയിമ്മൻ തമ്പിയുടെയും അനശ്വര കൃതികളുടെ
ഈരടികൾ ആ കാറ്റിൽ അലയടിച്ചുയർന്നു. തമ്പുരാട്ടിയും കൂട്ടുകാരിയായ അമ്മയും
എൻ്റെ അച്ഛൻ രാമകൃഷ്ണൻ നായരും ചേർന്നിരിക്കുന്ന ആ വേളകളിൽ കർണാടക
സംഗീതത്തിന്റെയും ലളിത ഗാനങ്ങളുടെയും ഭാവങ്ങൾ നിറഞ്ഞുനിന്നു. വഞ്ചിനാടിന്റെ രാജകീയ സംഗീത വഴികളെക്കുറിച്ചും ഭക്തിസാന്ദ്രമായ ആ സങ്കേതങ്ങളെക്കുറിച്ചുമുള്ള സംവാദങ്ങൾ ആ ക്യാമ്പസ് ജീവിതത്തിന് പുതിയൊരു ദർശനം നൽകി..
ഒരുകാലത്ത് തമ്പുരാട്ടി നേരിൽക്കണ്ട് അമ്മയ്ക്ക് സ്നേഹാന്വേഷണങ്ങൾ നേർന്ന ആ പ്രിയപ്പെട്ട കൂട്ടുകാരി ഇന്ന് ശതാഭിഷേകത്തിന്റെ ഈ തിളക്കം കാണാൻ കൂടെയില്ലെന്നത് കണ്ണിനു നനവുള്ള ഒരു ഓർമ്മയാണ്….
എറണാകുളം,ഏലൂർ നാറാണത്ത് ക്ഷേത്രത്തിൽ സപ്താഹത്തോടനുബന്ധിച്ച് നടന്ന പരിപാടിയിൽ തമ്പുരാട്ടി പങ്കെടുത്തിരുന്നു അന്നാണ് ഞാൻ തമ്പുരാട്ടിയെ ഈ അടുത്ത കാലത്ത് കണ്ടത്. അമ്മക്കുസുഖമാണൊ എന്നും തമ്പുരാട്ടിയുടെ
അന്വേഷണം അമ്മയെ അറിയിക്കാനുംപറഞ്ഞു പക്ഷെ ഇന്ന് ശതാബ്ദി നിറവിൻ്റെ വിശേഷങ്ങളറിയാൻ എൻ്റെ അമ്മ ഇല്ല…എങ്കിലും, തമ്പുരാട്ടിയും അമ്മയും മറ്റ് കൂട്ടുകാരും ഒരുമിച്ച് പങ്കിട്ട ആ ക്ലാസ്സ് മുറികളും, സംഗീതവും സാഹിത്യവും തുളുമ്പിയ ആ
ചർച്ചകളും മലയാളിയുടെ സാംസ്കാരിക ചരിത്രത്തിലെയും പഴയ ഒരു പ്രണയ പ്രണയകഥയിലെയും തിളക്കമുള്ള
അധ്യായങ്ങളാണ്.
ശതാഭിഷേകത്തിന്റെ നിറവിൽ എൻ്റെ അമ്മയുടെ കൂട്ടുകാരിക്ക് ആശംസകൾ നേരുന്നതിനോടൊപ്പം, ശ്ര പദ്മനാഭസ്വാമി ആയുരാരോഗ്യ സൗഖ്യങ്ങളും
സർവ്വൈശ്വര്യങ്ങളും നൽകി തമ്പുരാട്ടിയെ അനുഗ്രഹിക്കട്ടെ എന്ന് ആശംസിക്കുകയും ചെയ്യുന്നു….എൻ്റെ അച്ഛൻ പ്രൊഫസർ.ചിറയിൻകീഴ് രാമകൃഷ്ണൻ നായർ . കോളേജ് അധ്യാപകനും, കവിയും, ഗാനരചയിതാവും ആയിരുന്നു…
സിന്ധു രാജീവ്