Banner Ads

മലേഷ്യൻ പ്രധാനമന്ത്രിയുടെ സന്ദർശനം; കോഴിക്കോട് നാളെ ഗതാഗത നിയന്ത്രണം

കോഴിക്കോട് : മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനത്തെ തുടർന്ന് കോഴിക്കോട് ജില്ലയിൽ നാളെ (13/09/2026) വൈകിട്ട് 5 മണി മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ട്രാഫിക് പൊലീസ് അറിയിച്ചു. വൈദ്യരങ്ങാടി, രാമനാട്ടുകര മുതൽ മലാപ്പറമ്പ് വരെയും മലാപ്പറമ്പ് മുതൽ കുന്ദമംഗലം – മടവൂർ വരെയുമുള്ള റോഡുകളിൽ വൈകിട്ട് 5 മുതൽ പൂർണ്ണ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും.

വയനാട് ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ താമരശ്ശേരി, ബാലുശ്ശേരി, നന്മണ്ട, എരഞ്ഞിപ്പാലം വഴി തിരിഞ്ഞു പോകണം. കൊടുവള്ളി ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ പടനിലം – കളരിക്കണ്ടി – വരട്ട്യാക്ക് – പെരിങ്ങളം വഴി കടന്നുപോകണം. മുക്കം ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ ചെത്തുകടവ് – പെരിങ്ങളം വഴി യാത്ര ചെയ്യണം.

കണ്ണൂർ ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ എലത്തൂർ – പാവങ്ങാട് – നടക്കാവ് വഴി കോഴിക്കോട് നഗരത്തിലേക്ക് പ്രവേശിക്കണം. യൂണിവേഴ്സിറ്റി ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ വാഹനങ്ങൾ ഇടിമൂഴിക്കൽ – രാമനാട്ടുകര – ഫറോക്ക് – ചെറുവണ്ണൂർ വഴി നഗരത്തിലേക്ക് പോകണം. കോഴിക്കോട് കുന്ദമംഗലം ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ മെഡിക്കൽ കോളേജ് – മുണ്ടിക്കൽ താഴം – കോട്ടാംപറമ്പ് – മനത്താനത്ത് റോഡ് വഴി പോകണം.

മലാപ്പറമ്പ് ഭാഗത്തുനിന്ന് കുന്ദമംഗലത്തേക്ക് പോകേണ്ട വാഹനങ്ങൾ പൂളക്കടവ് – ഇരിങ്ങാടൻ പള്ളി – മുണ്ടിക്കൽ താഴം – കോട്ടാംപറമ്പ് – മനത്താനത്ത് റോഡ് ഉപയോഗിക്കണം. മലാപ്പറമ്പ് മുതൽ കുന്ദമംഗലം – മടവൂർ വരെയുള്ള റോഡുകളിൽ ഒരു തരത്തിലുള്ള വാഹന പാർക്കിംഗും അനുവദിക്കില്ല.

വിവിഐപി കടന്നുപോകുന്ന സമയത്ത് ഈ റൂട്ടുകളിൽ ഗതാഗതം പൂർണ്ണമായും തടയും. എയർപോർട്ട്, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലേക്ക് പോകേണ്ട യാത്രക്കാർ ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ നേരത്തെ തന്നെ യാത്ര തിരിക്കണമെന്ന് പൊലീസ് അറിയിച്ചു.