Banner Ads

ലോകക്രമത്തിലെ പിരമിഡ് ഘടന പൊളിച്ചെഴുതണം; ബ്രിക്സ് ഉച്ചകോടിയിൽ പത്ത് നിർദേശങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

ദില്ലി : ബ്രിക്സ് ഉച്ചകോടിയിൽ ആഗോള സ്ഥാപനങ്ങളുടെ പരിഷ്കരണത്തിനായി പത്ത് നിർദേശങ്ങൾ മുന്നോട്ടുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബ്രിക്സ് ഏതെങ്കിലും കൂട്ടായ്മയ്ക്ക് എതിരല്ലെന്നും എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകാനാണ് ശ്രമിക്കുന്നതെന്നും നരേന്ദ്രമോദി പറഞ്ഞു. ചരിത്രപരമെന്നാണ് ബ്രിക്സ് ഉച്ചകോടിയെ മോദി വിശേഷിപ്പിച്ചത്.

അടുത്ത 20 വർഷത്തേക്കുള്ള അജണ്ട ബ്രിക്സ് തയ്യാറാക്കണം. യു എൻ സുരക്ഷാ കൗൺസിൽ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര സ്ഥാപനങ്ങൾ സമയബന്ധിതമായി പുനസംഘടിപ്പിക്കണമെന്ന് മോദി ആവശ്യപ്പെട്ടു. ചിലരിൽ മാത്രം അധികാരം കേന്ദ്രീകരിക്കുന്ന നിലവിലെ അധികാര ശ്രേണി ഒരു പിരമിഡ് പോലെയാണെന്നും ഇത് പൊളിച്ചെഴുതണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വളരുന്ന സാമ്പത്തിക ശക്തികൾക്ക് അന്താരാഷ്ട്ര ചട്ടങ്ങൾ രൂപീകരിക്കുന്നതിൽ നിർണായക പങ്ക് വേണം. ഗ്ലോബൽ സൗത്ത് വെറും നിയമങ്ങൾ അനുസരിക്കുന്നവരായി മാത്രം നിൽക്കാതെ നിയമനിർമാതാക്കളായി മാറേണ്ട സമയമാണിതെന്നും മോദി ചൂണ്ടിക്കാട്ടി.

കൂടാതെ നാവികരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി സംയുക്ത സംവിധാനം രൂപീകരിക്കണമെന്നും ബ്രിക്സിന്റെ ഐക്യം ആഗോളതലത്തിൽ കൂടുതൽ പ്രകടമാക്കണമെന്നും നരേന്ദ്രമോദി കൂട്ടിച്ചേർത്തു.