
തിരുവനന്തപുരം : സംസ്ഥാനത്ത് തുടരുന്ന കടുത്ത വൈദ്യുതി പ്രതിസന്ധിയിൽ പ്രതികരണവുമായി വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. നിലവിലെ വൈദ്യുതി ക്ഷാമം സ്വിച്ച് ഇട്ട് നിർത്താൻ സാധിക്കുന്ന ഒന്നല്ലെന്നും ഒന്നിലേറെ സമയങ്ങളിൽ വൈദ്യുതി മുടങ്ങുന്ന സാഹചര്യത്തിൽ ജനങ്ങൾ സഹകരിക്കണമെന്നും മന്ത്രി പ്രതികരിച്ചു.
സംസ്ഥാനത്ത് 1000 മെഗാവാട്ടിലധികം വൈദ്യുതി ഉപയോഗമാണ് പെട്ടെന്ന് വർധിച്ചത്. ഇലക്ട്രിക് വാഹനങ്ങൾ രാത്രികാലങ്ങളിൽ വൻതോതിൽ ചാർജ് ചെയ്യുന്നത് ഉപയോഗം ഉയരാൻ കാരണമായിട്ടുണ്ട്. മുൻ സർക്കാരിന്റെ വീഴ്ചകളെ ചൂണ്ടിക്കാട്ടിയായിരുന്നു മന്ത്രി പ്രതിസന്ധിയെ ന്യായീകരിച്ചത്.
ഇടുക്കിക്ക് ശേഷം മറ്റ് പദ്ധതികളൊന്നും തുടങ്ങിയിട്ടില്ല. 25 ശതമാനം വൈദ്യുതി മാത്രമാണ് നിലവിൽ സംസ്ഥാനത്ത് സ്വന്തമായി ഉൽപ്പാദിപ്പിക്കുന്നത്. വൈദ്യുതി മാർക്കറ്റിൽ നിന്ന് പെട്ടെന്ന് വാങ്ങാൻ കഴിയില്ലെന്നും അതിന് കൃത്യമായ കരാറുകളും റെഗുലേറ്ററി കമ്മീഷന്റെ അനുമതിയും ആവശ്യമാണെന്നും മന്ത്രി വ്യക്തമാക്കി.
സോളാർ ഉൽപ്പാദനം ഉണ്ടെങ്കിലും രാത്രികാലങ്ങളിൽ ഇത് സൂക്ഷിച്ചു വെക്കാനുള്ള സംവിധാനം നിലവിലില്ല. ബ്രഹ്മപുരത്ത് അടക്കം പുതിയ പദ്ധതികൾ തുടങ്ങാൻ നടപടികൾ ആരംഭിച്ചിട്ടുണ്ട്. ആണവ പദ്ധതികളെ കേരളം എതിർക്കുന്ന സാഹചര്യത്തിൽ ഹ്രസ്വ-ദീർഘകാല കരാറുകൾ വഴി പ്രതിസന്ധി പരിഹരിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മന്ത്രി കൂട്ടിച്ചേർത്തു.