
തിരുവനന്തപുരം : കേരളത്തിന്റെ മുഖ്യമന്ത്രിയായി ഹൈക്കമാൻഡ് പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതികരണവുമായി വിഡി സതീശൻ. കോൺഗ്രസ് പാർട്ടി ഏൽപ്പിച്ച ഈ വലിയ ഉത്തരവാദിത്തത്തെ ഒരു ദൈവനിയോഗമായി കാണുന്നുവെന്ന് സതീശൻ പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എഐസിസി നേതൃത്വത്തിനും രാഹുൽ ഗാന്ധിക്കും നന്ദി അറിയിച്ചു. ചെന്നിത്തലയും കെസിയും തനിക്ക് ഏറെ പ്രിയങ്കരനായ നേതാക്കളാണ്.
കേരളത്തിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത് കെസി വേണുഗോപാലാണെന്നും രമേശ് ചെന്നിത്തല തന്റെ നേതാവാണെന്നും സതീശൻ പറഞ്ഞു. മുഖ്യമന്ത്രി പദവി ലഭിച്ചിട്ടും ടീം എന്ന വാക്കിന് വലിയ പ്രാധാന്യം നൽകി. എന്നെ ഞാനാക്കിയത് ടീം യുഡിഎഫാണ്. പുതുകേരളം കെട്ടിപ്പടുക്കാൻ ഈ ടീം കൂടെയുണ്ടാകും. ഒരാൾക്ക് മാത്രമായി ഒന്നും ചെയ്യാനാകില്ല. എല്ലാവരും ഒന്നിച്ച് നിൽക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ ഒന്നൊന്നായി നടപ്പിലാക്കുമെന്നും സതീശൻ പറഞ്ഞു.