
തിരുവനന്തപുരം : കേരള മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ബിജെപിയും കാസയും ചേർന്ന് വർഗീയ പ്രചാരണം നടത്തുകയാണെന്ന് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ്. മുസ്ലിം ലീഗിനെ മുൻനിർത്തി ന്യൂനപക്ഷ സമൂഹത്തെ ലക്ഷ്യം വെച്ചാണ് ഈ നീക്കമെന്നും ശിവപ്രസാദ് ആരോപിച്ചു.
എംഎൽഎമാരും എസ്എൻഡിപിയും എൻഎസ്എസ്സും ലീഗിനും ജമാഅത്തെ ഇസ്ലാമിക്കും താഴെയാണെന്ന പിസി ജോർജിന്റെ ഫേസ്ബുക്ക് പോസ്റ്റ് വർഗീയ ധ്രുവീകരണം ലക്ഷ്യം വെച്ചുള്ളതാണെന്ന് ശിവപ്രസാദ് ചൂണ്ടിക്കാട്ടി. ലീഗിന് വഴങ്ങിയാണ് കെസി വേണുഗോപാലിനെ ഹൈക്കമാൻഡ് ഒഴിവാക്കിയത് എന്ന പ്രചാരണം തെറ്റാണ്.
ആർഎസ്എസിന്റെയും ബിജെപിയുടെയും താല്പര്യം സംരക്ഷിക്കാനാണ് കെസിയെ ഡൽഹിയിലും സതീശനെ കേരളത്തിലും നിലനിർത്താൻ കോൺഗ്രസ് തീരുമാനിച്ചതെന്ന് താൻ സംശയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. വർഗീയ പ്രചാരണങ്ങൾക്ക് വഴിയൊരുക്കിയത് യുഡിഎഫ് തന്നെയാണെന്നും ഇത്തരം കൃമികളെ തിരിച്ചറിയാനുള്ള വിവേകം കേരളത്തിനുണ്ടെന്നും ശിവപ്രസാദ് കൂട്ടിച്ചേർത്തു.