
തിരുവനന്തപുരം : തലസ്ഥാന നഗരസഭാ ഭരണം നിലനിർത്താൻ ലക്ഷ്യമിട്ട് പ്രമുഖരെ അണിനിരത്തി എൽഡിഎഫ് 93 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. ഇതോടെ കോൺഗ്രസും ബിജെപിയും പ്രഖ്യാപനവുമായി രംഗത്തെത്തിയതിന് പിന്നാലെ തിരുവനന്തപുരം കോർപ്പറേഷൻ തിരഞ്ഞെടുപ്പിന്റെ മത്സരചിത്രം തെളിഞ്ഞു.
സിപിഎം 70 സീറ്റിലും സിപിഐ 17 സീറ്റുകളിലും മത്സരിക്കും. ജനതാദള്‍ എസ് -2, കേരള കോണ്‍ഗ്രസ് എം 3, ആര്‍ജെഡി 3 എന്നിങ്ങനെയും മത്സരിക്കും. ബാക്കിയുള്ള ഘടകക്ഷികള്‍ ഒരോ സീറ്റിലും മത്സരിക്കും. ബാക്കിയുള്ള എട്ട് സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെ പിന്നീട് പ്രഖ്യാപിക്കുമെന്ന് എൽഡിഎഫ് അറിയിച്ചു.
നിലവിലെ മേയർ ആര്യാ രാജേന്ദ്രൻ സ്ഥാനാർത്ഥി പ്രഖ്യാപന വേദിയിൽ പങ്കെടുക്കാതിരുന്നത് ശ്രദ്ധേയമായി. മേയർ കോഴിക്കോട് ആയതിനാലാണ് പ്രഖ്യാപനത്തിൽ പങ്കെടുക്കാത്തതെന്ന് ജില്ലാ സെക്രട്ടറി വി ജോയി എംഎൽഎ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മേയർ സ്ഥാനാർത്ഥിയായി ആരെയും പ്രഖ്യാപിക്കുന്നില്ലെന്നും വി ജോയി അറിയിച്ചു.