
തിരുവനന്തപുരം : മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ പത്തുവർഷത്തെ ഭരണത്തെയും അദ്ദേഹത്തിന്റെ വ്യക്തിത്വത്തെയും വാനോളം പുകഴ്ത്തി ജിഎസ് പ്രദീപ്. ജനക്ഷേമത്തിന്റെ അവസാന വാക്കായിരുന്ന മഹാബലിയെപ്പോലെയാണ് പിണറായി വിജയനെന്നും തിരിച്ചടികളിൽ നിന്ന് അദ്ദേഹം മനുഷ്യമനസ്സുകളിലേക്ക് തിരിച്ചുവരുമെന്നും പ്രദീപ് ഫേസ്ബുക്കിൽ കുറിച്ചു.
ലോകമലയാളികൾ ആദരവോടെ കാണുന്ന ഏക ഭരണാധികാരി മഹാബലിയാണ്. മാവേലിയും പരാജയത്തിലേക്ക് വീണിട്ടുണ്ട്. എന്നാൽ വാമനന്റെ ജയന്തിയല്ല മറിച്ച് വീഴ്ചയിൽ നിന്ന് ഉയർത്തെഴുന്നേറ്റ് മനുഷ്യമനസ്സുകളിലേക്ക് മടങ്ങിയെത്തുന്ന മഹാബലിയെയാണ് മലയാളി ഉത്സവമാക്കിയത്.
അറിവും അന്നവും പാതയും പാലവും വീടും വിദ്യാഭ്യാസവും സമഗ്രമായി നൽകിയ ഭരണാധികാരിയായിരുന്നു സഖാവ് പിണറായി വിജയൻ. രാഷ്ട്രീയമായ കാരണങ്ങളാൽ ജനവിധിയിൽ പരാജയപ്പെട്ട് പുറത്തുപോകുമ്പോഴും കേരളം കണ്ട ഏറ്റവും സുതാര്യനും നിർഭയനുമായ ഭരണാധികാരി ആര് എന്ന ചോദ്യത്തിന് തനിക്ക് ഒറ്റ ഉത്തരമേയുള്ളൂ- അത് സഖാവ് പിണറായി വിജയനാണ്.
മലയാളി എന്ന അഭിമാനത്തോടെ ശിരസ്സ് ഉയർത്തിപ്പിടിക്കാൻ പാകത്തിൽ പത്തുവർഷം സമ്മാനിച്ച അദ്ദേഹത്തിന് നന്ദിപൂർവ്വം അഭിവാദ്യങ്ങൾ നേരുന്നു. ഇന്നെന്റെ പിറന്നാളാണ്. ആഘോഷങ്ങളോ സദ്യയോ ഒന്നുമില്ല. പകരം പിണറായി വിജയനൊപ്പമുള്ള ചിത്രത്തിൽ ഈ ദിവസം അഭിരമിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും പ്രദീപ് കുറിച്ചു.