Banner Ads

കുട്ടികൾക്ക് നേരെയുള്ള അതിക്രമം; എഫ്ഐആർ വൈകിയാലും തെളിവുണ്ടെങ്കിൽ നടപടി, പ്രതിയുടെ വാദം തള്ളി ഹൈക്കോടതി

കൊച്ചി : കുട്ടികൾക്ക് നേരെയുളള ലൈംഗികാതിക്രമ കേസുകളിൽ പരാതി നൽകുന്നതിലുണ്ടാകുന്ന കാലതാമസം കേസിനെ ബാധിക്കില്ലെന്ന് ഹൈക്കോടതി. കൃത്യമായ തെളിവുകളുണ്ടെങ്കിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ തടസ്സമില്ലെന്ന് ജസ്റ്റിസ് എ ബദറുദ്ദീൻ വ്യക്തമാക്കി. പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസിൽ പാലക്കാട് ഒറ്റപ്പാലം സ്വദേശിയായ പ്രതിയുടെ ശിക്ഷ ശരിവെച്ചുകൊണ്ടാണ് കോടതിയുടെ ഉത്തരവ്.

2010 ഡിസംബർ 12നായിരുന്നു കേസിനാസ്പദമായ സംഭവം. പെൺകുട്ടി വീട്ടിൽ ഒറ്റയ്ക്കായിരുന്ന സമയത്ത് അതിക്രമിച്ച് കയറിയ പ്രതി കുട്ടിയെ പീഡിപ്പിക്കുകയും നഗ്നചിത്രങ്ങൾ പകർത്തുകയും ചെയ്തു. സംഭവം പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ശാരീരിക അസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് കുട്ടി ഡോക്ടറോട് വിവരം പറഞ്ഞത്.

സംഭവം നടന്ന് 15 ദിവസത്തിന് ശേഷം 2011 ജനുവരി 4ന് പോലീസ് കേസ് രജിസ്റ്റർ ചെയ്തു. പരാതി നൽകാൻ 15 ദിവസം വൈകിയത് ചൂണ്ടിക്കാട്ടി കേസ് റദ്ദാക്കണമെന്നായിരുന്നു പ്രതിയുടെ ആവശ്യം. എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ വൈകിയതിന് കൃത്യമായ കാരണങ്ങളുണ്ടെന്ന് കോടതി വിലയിരുത്തി. ഭീഷണി നിലനിന്നിരുന്ന സാഹചര്യത്തിലും കുട്ടിയുടെ മാനസികാവസ്ഥയും പരിഗണിക്കുമ്പോൾ ഇത്തരം കാലതാമസം സ്വാഭാവികമാണെന്ന് കോടതി നിരീക്ഷിച്ചു.

ലൈംഗികാതിക്രമത്തിന് പുറമെ സ്ത്രീത്വത്തെ അപമാനിക്കൽ, ബലപ്രയോഗം, അതിക്രമിച്ചു കയറൽ എന്നീ കുറ്റങ്ങളും പ്രതിക്കെതിരെ തെളിയിക്കപ്പെട്ടിട്ടുണ്ട്. പാലക്കാട് അഡീഷണൽ സെഷൻസ് കോടതി വിധിച്ച ഏഴ് വർഷം തടവ് ഹൈക്കോടതി അപ്പീലിൽ അഞ്ച് വർഷമായി കുറച്ചു നൽകി.