
തിരുവനന്തപുരം : മലയാള സിനിമയിലെ എക്കാലത്തെയും വലിയ ക്ലാസിക്കുകളിൽ ഒന്നായ പ്രിയദർശൻ-മോഹൻലാൽ കൂട്ടുകെട്ടിന്റെ തേന്മാവിൻ കൊമ്പത്ത് 32 വർഷങ്ങൾക്ക് ശേഷം വീണ്ടും തിയേറ്ററുകളിലേക്ക്. 4K റീമാസ്റ്റർ ചെയ്ത പതിപ്പായി ചിത്രം ഒക്ടോബർ 1ന് ലോകമെമ്പാടും റിലീസ് ചെയ്യും.
ചിത്രത്തിന്റെ ഒറിജിനൽ 35mm പ്രിന്റിൽ നിന്ന് നേരിട്ട് പ്രസാദ് ലാബിൽ വച്ച് 8K സാങ്കേതികവിദ്യയിലേക്ക് സ്കാൻ ചെയ്താണ് 4Kയിലേക്ക് മാറ്റിയിരിക്കുന്നത്. ശബ്ദത്തിനും സംഗീതത്തിനും പുതിയ ജീവൻ നൽകി ഡോൾബി അറ്റ്‌മോസിലാണ് പുതിയ പതിപ്പ് മിക്സ് ചെയ്തിരിക്കുന്നത്.
പ്രസിദ്ധി ക്രിയേഷൻസും സൂര്യ സിനി ആർട്സും അവതരിപ്പിക്കുന്ന ചിത്രം മാറ്റിനീ നൗ ആണ് സാങ്കേതിക മികവോടെ വീണ്ടും ബിഗ് സ്‌ക്രീനിൽ എത്തിക്കുന്നത്. പ്രിയദർശൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം നിർമ്മിച്ചത് എൻ ഗോപാലകൃഷ്ണനാണ്.
മോഹൻലാൽ, ശോഭന, നെടുമുടി വേണു, കവിയൂർ പൊന്നമ്മ, ശ്രീനിവാസൻ തുടങ്ങിയ പ്രതിഭകൾ അണിനിരന്ന ചിത്രം ഇന്നും മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗ്രാമീണ പ്രണയ-ഹാസ്യ ക്ലാസിക്കാണ്.
ചിത്രത്തിന്റെ ഭാഗമായിരുന്ന പല ഇതിഹാസ കലാകാരന്മാരും ഇന്ന് നമ്മോടൊപ്പം ഇല്ലെങ്കിലും വരുംതലമുറയ്ക്ക് മുൻപിൽ അവരുടെ അഭിനയമുഹൂർത്തങ്ങൾ വീണ്ടും ബിഗ് സ്ക്രീനിൽ കാണാനുള്ള അവസരമാണ് ഈ റീ-റിലീസിലൂടെ ഒരുങ്ങുന്നത്. പിആർഒ: ഐശ്വര്യ രാജ്.