Banner Ads

ഭൂമി വീണ്ടും തിളച്ചു മറിയും; കടുത്ത വരൾച്ചാ ഭീഷണിയുമായി എൽ നിനോ വരുന്നു, ജാഗ്രതാ നിർദ്ദേശവുമായി യു എൻ

ന്യൂയോർക്ക് : ലോകത്തെ ആശങ്കയിലാഴ്ത്തി വീണ്ടും എൽ നിനോ പ്രതിഭാസം തിരിച്ചെത്തുന്നതായി ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ ഏജൻസിയായ വേൾഡ് മെട്രോളജിക്കൽ ഓർഗനൈസേഷൻ. ഈ വർഷം ആഗോള താപനിലയിൽ വൻ വർദ്ധനവുണ്ടാകുമെന്ന കടുത്ത ജാഗ്രതാ നിർദ്ദേശം യു എൻ പുറപ്പെടുവിച്ചു. പുതിയ റിപ്പോർട്ടുകൾ പ്രകാരം ഇന്ത്യ ഉൾപ്പെടെയുള്ള ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ കടുത്ത വരൾച്ചയ്ക്ക് ഈ പ്രതിഭാസം കാരണമായേക്കും. ഇത് കേരളത്തിനും വലിയ തിരിച്ചടിയാകും.

മധ്യ-കിഴക്കൻ പസഫിക് സമുദ്രത്തിലെ ഉപരിതല താപനിലയിലുണ്ടാകുന്ന അസ്വാഭാവികമായ വർദ്ധനവാണ് എൽ നിനോയ്ക്ക് കാരണം. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി ചിലയിടങ്ങളിൽ ശരാശരിയേക്കാൾ 6 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നേക്കാം. ജൂണിൽ ആരംഭിക്കുന്ന പ്രതിഭാസം നവംബർ വരെ നീണ്ടുനിന്നേക്കുമെന്നാണ് വിലയിരുത്തൽ. സമുദ്രങ്ങളിലെ ഉഷ്ണതരംഗങ്ങൾ കാരണം ദക്ഷിണേഷ്യയിൽ കടുത്ത വരൾച്ച ഉണ്ടാകുമ്പോൾ മധ്യേഷ്യൻ രാജ്യങ്ങളിൽ അപ്രതീക്ഷിതമായ കനത്ത മഴയ്ക്കും പസഫിക് സമുദ്രത്തിൽ ശക്തമായ ചുഴലിക്കാറ്റുകൾക്കും ഇത് കാരണമാകും.

ചരിത്രത്തിലെ ഏറ്റവും ചൂടേറിയ വർഷമായി രേഖപ്പെടുത്തപ്പെട്ട 2024ലാണ് ലോകം ഇതിന് മുൻപ് എൽ നിനോയ്ക്ക് സാക്ഷ്യം വഹിച്ചത്. പുതിയ എൽ നിനോ അതിനേക്കാൾ കടുത്ത ആഘാതം സൃഷ്ടിക്കുമോ എന്ന ആശങ്കയിലാണ് ശാസ്ത്രലോകം. വരാനിരിക്കുന്ന കടുത്ത കാലാവസ്ഥാ വ്യതിയാനങ്ങളെ നേരിടാൻ എല്ലാ രാജ്യങ്ങളും അടിയന്തിരമായി സജ്ജമാകണമെന്ന് യു എൻ നിർദ്ദേശിച്ചു.