
തിരുവനന്തപുരം : നെടുമങ്ങാട് ഒന്നരവയസ്സുകാരൻ അർഷിദ് കൊല്ലപ്പെട്ടത് മാസങ്ങൾ നീണ്ട അതിക്രൂരമായ മർദ്ദനത്തെ തുടർന്നാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കുഞ്ഞിന്റെ ശരീരത്തിൽ 91 മുറിവുകളുണ്ടെന്ന് കാണ്ടെത്തി. ക്രൂരമായ മർദ്ദനത്തെ തുടർന്നുണ്ടായ ആന്തരിക ക്ഷതവും രക്തസ്രാവവുമാണ് മരണ കാരണം. സംഭവത്തിൽ കുട്ടിയുടെ അമ്മയുടെ പങ്കാളി അഷ്ക്കറിനെതിരെ കൊലക്കുറ്റത്തിന് പുറമെ എസ്‌സി/എസ്ടി അക്രമ നിരോധന നിയമപ്രകാരമുള്ള വകുപ്പുകൾ കൂടി പൊലീസ് ചുമത്തും.
റിമാൻഡിലുള്ള അഷ്ക്കറിനെയും കുഞ്ഞിന്റെ അമ്മ അഖിലയെയും കൂടുതൽ ചോദ്യം ചെയ്യുന്നതിനായി പൊലീസ് വീണ്ടും കസ്റ്റഡിയിൽ വാങ്ങും. തങ്ങളുടെ ഒരുമിച്ചുള്ള താമസത്തിന് ഒന്നരവയസ്സുകാരൻ തടസ്സമാണെന്ന് കരുതിയാണ് അഷ്ക്കർ കുട്ടിയെ നിരന്തരം ഉപദ്രവിച്ചിരുന്നത്. അഷ്ക്കർ കുഞ്ഞിനെ ഭിത്തിയിൽ ഇടിക്കുകയും അതിക്രൂരമായി മർദ്ദിക്കുകയും ചെയ്യുമ്പോൾ അമ്മ അഖില ഇത് തടയാനോ പൊലീസിൽ വിവരമറിയിക്കാനോ തയ്യാറായില്ല.
അഖിലയ്‌ക്കെതിരെ കൊലപാതക പ്രേരണക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ക്രിമിനൽ മനസ്സിന് ഉടമയാണ് അഷ്ക്കറെന്ന് പൊലീസ് പറയുന്നു. അഷ്ക്കറിന്റെ ആദ്യഭാര്യയെ മർദ്ദിച്ച് കോമ അവസ്ഥയിലാക്കിയെന്ന പരാതിയും ആദ്യഭാര്യയുടെ സഹോദരൻ മുങ്ങിമരിച്ച സംഭവവും പൊലീസ് അന്വേഷിക്കും. എസ്‌സി/എസ്ടി വകുപ്പുകൾ കൂടി ചുമത്തുന്നതോടെ കേസിന്റെ അന്വേഷണം നെടുമങ്ങാട് ഡിവൈഎസ്പിക്ക് കൈമാറും.