Banner Ads

“വൃത്തികെട്ട പരിപാടി നിർത്തണം”: പ്ലാസ്റ്റിക് മാലിന്യം കണ്ട് ക്ഷുഭിതനായി മന്ത്രി ഗണേഷ് കുമാർ; ഡ്രൈവറെ ശാസിച്ചത് പരസ്യമായി.

കൊല്ലം: കെ.എസ്.ആർ.ടി.സി. ബസിന്റെ മുൻവശത്ത് പ്ലാസ്റ്റിക് കുപ്പികൾ നിരത്തിയിട്ടതിനെ തുടർന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ ഡ്രൈവറെ ശാസിച്ചു. പൊതുവാഹനങ്ങളിലെ വൃത്തിയുടെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്ന് വ്യക്തമാക്കിയ മന്ത്രി, ഡ്രൈവറിനെതിരെ കർശന നടപടി എടുക്കുമെന്ന് അറിയിച്ചു.സംഭവം നടന്നത് കൊല്ലം ആയൂരിൽ വെച്ചായിരുന്നു.

കോട്ടയത്ത് നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന പൊൻകുന്നം ഡിപ്പോയിലെ ഫാസ്റ്റ് പാസഞ്ചർ ബസാണ് മന്ത്രി വഴിയിൽ തടഞ്ഞത്.ബസിന്റെ മുൻവശത്ത് (ഡാഷ്‌ബോർഡിൽ) വെള്ളം കുടിച്ച ശേഷം ഉപേക്ഷിച്ച നിരവധി പ്ലാസ്റ്റിക് കുപ്പികൾ നിരത്തിയിട്ട നിലയിലായിരുന്നു.ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.

“വെള്ളം കുടിച്ച് കുപ്പി വലിച്ചെറിയാനുള്ള സ്ഥലമല്ല ബസിന്റെ മുൻവശം,” എന്ന് വിമർശിച്ച മന്ത്രി, വൃത്തിയില്ലാത്ത ഈ രീതി അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കി.ബസ് സ്റ്റാർട്ട് ചെയ്ത് പോകുകയല്ല, അത് വൃത്തിയായി സൂക്ഷിക്കേണ്ടത് ജീവനക്കാരുടെ ഉത്തരവാദിത്തമാണ്.ഇത്തരം കാര്യങ്ങളിൽ മുമ്പും പലതവണ താക്കീത് നൽകുകയും, നോട്ടീസുകളിലൂടെ ജീവനക്കാർക്ക് നിർദേശങ്ങൾ നൽകിയിരുന്നതായും മന്ത്രി ഓർമ്മിപ്പിച്ചു.

കഴിഞ്ഞ ദിവസത്തെ ജീവനക്കാരാണ് ബസിന് മുന്നിൽ പ്ലാസ്റ്റിക് കുപ്പികൾ വെച്ചതെന്നാണ് ഡ്രൈവർ മന്ത്രിയോട് വിശദീകരിച്ചത്. എന്നാൽ, അത് മാറ്റാത്തത് ഗുരുതരമായ തെറ്റാണെന്ന് മന്ത്രി ആവർത്തിച്ചു.പൊതുജനങ്ങളുടെയും ഉദ്യോഗസ്ഥരുടെയും ശ്രദ്ധയിൽപ്പെട്ട ഈ സംഭവം, കെ.എസ്.ആർ.ടി.സി. ബസുകളിലെ ശുചിത്വത്തിന്റെ പ്രാധാന്യം വീണ്ടും ഉയർത്തിക്കാട്ടുന്നു.