Banner Ads

അടിയന്തര സഹായം ലഭിച്ചില്ല: സമയത്ത് ആംബുലൻസ് കിട്ടാത്തതിനെ തുടർന്ന് നെഞ്ചുവേദന വന്ന യുവാവിന് ജീവൻ നഷ്ടമായി.

ചാലക്കുടി: അടിയന്തര ഘട്ടത്തിൽ ആംബുലൻസ് ലഭിക്കാത്തതിനെത്തുടർന്ന് നെഞ്ചുവേദന വന്ന് കുഴഞ്ഞുവീണ യുവാവിന് ദാരുണാന്ത്യം. ചാലക്കുടി മാരാംകോട് സ്വദേശിയും മുണ്ടോപ്പള്ളി സുബ്രന്റെ മകനുമായ ശ്രീജിത്ത് (26) ആണ് മരിച്ചത്.തിങ്കളാഴ്ച പുലർച്ചെ മുംബൈ-എറണാകുളം ഓഖ എക്‌സ്പ്രസിലായിരുന്നു സംഭവം. ട്രെയിൻ ഷൊർണ്ണൂർ പിന്നിട്ടതിന് ശേഷം ശ്രീജിത്തിന് നെഞ്ചുവേദന അനുഭവപ്പെടുകയും കുഴഞ്ഞുവീഴുകയുമായിരുന്നു.

ആംബുലൻസ് എത്താൻ വൈകി, ജീവൻ നഷ്ടമായി ശ്രീജിത്തിനൊപ്പമുണ്ടായിരുന്നവർ ഉടൻതന്നെ ടി.ടി.ഇ.യെ വിവരം അറിയിച്ചെങ്കിലും, തൊട്ടടുത്ത വള്ളത്തോൾ നഗർ സ്റ്റേഷനിൽ ട്രെയിനിന് സ്റ്റോപ്പ് ഉണ്ടായിരുന്നില്ല. തുടർന്ന്, ട്രെയിൻ മുളങ്കുന്നത്തുകാവ് റെയിൽവേ സ്റ്റേഷനിൽ നിർത്തി ശ്രീജിത്തിനെ പ്ലാറ്റ്‌ഫോമിൽ ഇറക്കി.

അടിയന്തര സഹായത്തിനായി ഹെൽപ്പ് ലൈൻ നമ്പറുകളിൽ ബന്ധപ്പെട്ടിട്ടും തക്ക സമയത്ത് ആംബുലൻസ് ലഭിക്കാത്തതിനാൽ ശ്രീജിത്തിനെ അരമണിക്കൂറോളം പ്ലാറ്റ്‌ഫോമിൽ കിടത്തേണ്ടിവന്നു. വൈകിയെത്തിയ ആംബുലൻസിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.തക്കസമയത്ത് ആംബുലൻസ് ലഭിക്കാതിരുന്നതാണ് യുവാവിന്റെ ജീവൻ നഷ്ടപ്പെടാൻ കാരണമായതെന്ന് കൂടെയുണ്ടായിരുന്നവർ പരാതിപ്പെട്ടു.