Banner Ads

സ്വർണക്കൊള്ളയിൽ ഇപ്പോഴത്തെ ബോർഡിനെയും പ്രതി ചേർക്കണം; കൊടിക്കുന്നിൽ സുരേഷ്

കൊല്ലം : ശബരിമലയിലെ സ്ഥിതി കൂടുതൽ വഷളാകുകയാണെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് തന്നെയാണ് പ്രതിസ്ഥാനത്തെന്നും കൊടിക്കുന്നിൽ സുരേഷ് എംപി. ശബരിമല വിഷയത്തിൽ സർക്കാരിന് പല കാര്യങ്ങളും മറച്ചുവെക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിശ്വാസ സംരക്ഷണത്തിനായി കെ.പി.സി.സി.യുടെ നാല് മേഖലാ ജാഥകൾ നാളെ ആരംഭിക്കുമെന്നും മാധ്യമങ്ങളെ അറിയിച്ചു.

ശബരിമല സ്വർണക്കൊള്ളയിൽ ദേവസ്വം ബോർഡിലെ ഉദ്യോഗസ്ഥരെ മാത്രം പ്രതിക്കൂട്ടിൽ നിർത്തി മുൻ ബോർഡ് പ്രസിഡന്റുമാരും ദേവസ്വം മന്ത്രി ഉൾപ്പെടെയുള്ളവരും കൈകഴുകാൻ ശ്രമിക്കുകയാണെന്ന് കൊടിക്കുന്നിൽ സുരേഷ് കുറ്റപ്പെടുത്തി. ഉപ്പ് തിന്നവർ വെള്ളം കുടിക്കുക തന്നെ വേണം. 2019-ലെ ബോർഡിനെ മാത്രം പ്രതി ചേർക്കുകയല്ല വേണ്ടത്.

ഇപ്പോഴത്തെ ബോർഡിനെയും പ്രതി ചേർക്കണം. ചില അവതാരങ്ങൾ ശബരിമല കേന്ദ്രീകരിച്ച് കൊള്ള നടത്തുകയാണെന്നും കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു.