ഓപ്പറേഷൻ സിന്ദൂറും ഇന്ത്യ-പാക് സംഘർഷവും കഴിഞ്ഞ് ലോക ശ്രദ്ധ നേടിയ മിസൈലായിരുന്നു ബ്രഹ്മോസ്. എന്നാൽ, ഇന്ത്യയുടെ ആയുധപ്പുരയിൽ ബ്രഹ്മോസ് മാത്രമല്ല ശത്രുക്കളെ കാത്തിരിക്കുന്നത് എന്ന് ഇപ്പോൾ വ്യക്തമാക്കുകയാണ് പ്രതിരോധ ഗവേഷണ വികസന സംഘടന . ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച, ആകാശത്ത് നിന്ന് കരയിലേക്ക് തൊടുക്കാവുന്ന, രുദ്രം മിസൈലുകളുടെ പുതിയ തലമുറയാണ് ഇപ്പോൾ തയ്യാറായിക്കൊണ്ടിരിക്കുന്നത്.
ഏറ്റവും പുതിയതായി രുദ്രം-4 എന്ന ഹൈപ്പർസോണിക് മിസൈലാണ് ഡിആർഡിഒ വികസിപ്പിച്ചെടുത്തിരിക്കുന്നത്. വേഗതയുടെയും കൃത്യതയുടെയും പുതിയ നിർവചനമാണ് രുദ്രം-4. മണിക്കൂറിൽ 6,790 കിലോമീറ്ററിലധികം വേഗതയും , 300 കിലോമീറ്ററിൽ കൂടുതൽ ദൂരപരിധിയും , ലക്ഷ്യസ്ഥാനത്ത് കൃത്യമായി എത്താനുള്ള കഴിവ്, ഭാരം കുറഞ്ഞ രൂപകൽപ്പന എന്നിവയെല്ലാം രുദ്രം-4-ൻ്റെ പ്രധാന സവിശേഷതകളാണ്.
Su-30 MKI, മിറാഷ് 2000, റാഫേൽ തുടങ്ങിയ യുദ്ധവിമാനങ്ങളിൽ ഈ ദീർഘദൂര എയർ-ടു-സർഫസ് രുദ്രം മിസൈലുകൾ ഉപയോഗിക്കാൻ കഴിയും. ശത്രുവിൻ്റെ വ്യോമ പ്രതിരോധ സംവിധാനങ്ങളെയും പ്രധാനപ്പെട്ട കരയിലെ ലക്ഷ്യങ്ങളെയും നശിപ്പിക്കാനായി വളരെ വേഗത്തിലും ഫലപ്രദമായും പ്രവർത്തിക്കാൻ ഡിആർഡിഒ രൂപകൽപ്പന ചെയ്‌ത് വികസിപ്പിച്ചെടുത്തതാണ് ഈ രുദ്രം മിസൈലുകൾ.
രുദ്രം-1 ന്റെ പരമ്പരയിലെ ആദ്യ മിസൈലിന്റെ നിർമ്മാണം പൂർത്തിയായിക്കഴിഞ്ഞിട്ടുണ്ട് . 200 കിലോമീറ്റർ വരെ ദൂരപരിധിയുള്ള ഒരു സൂപ്പർസോണിക് ആന്റി-റേഡിയേഷൻ മിസൈലാണിത്. 2020-ൽ ഇത് വിജയകരമായി പരീക്ഷിക്കുകയും ഇന്ത്യൻ വ്യോമസേനയുടെ Su-30 MKI ജെറ്റുകളിൽ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്. കൂടുതൽ രുദ്രം-1 മിസൈലുകൾ ഇന്ത്യ നിർമ്മിച്ചുകൊണ്ടിരിക്കുകയാണ്. രുദ്രം പരമ്പരയിലെ രണ്ടാമനായ രുദ്രം-2, 300 കിലോമീറ്റർ ദൂരപരിധിയുള്ള ഒരു ഹൈപ്പർസോണിക് മിസൈലാണ്.
ഇതിന് ആന്റി-റേഡിയേഷൻ, കരയിലെ ആക്രമണങ്ങൾക്കുള്ള വകഭേദങ്ങൾ ഉണ്ട്. . 2024 മെയ് മാസത്തിൽ Su-30 MKI-യിൽ നിന്ന് രുദ്രം-2 വിജയകരമായി പരീക്ഷിച്ചു.
രുദ്രം പരമ്പരയിലെ മൂന്നാമനായ രുദ്രം-3 , 550 കിലോമീറ്റർ ദൂരപരിധിയുള്ള രണ്ട് ഘട്ടങ്ങളുള്ള ഹൈപ്പർസോണിക് മിസൈലാണ്. കൂടുതൽ ആഴത്തിലുള്ള ആക്രമണങ്ങൾക്കായാണ് ഇത് നിർമ്മിക്കുന്നത്. ബ്രഹ്മോസിനേക്കാൾ വേഗതയും കൂടുതൽ ഭാരം വഹിക്കാനുള്ള ശേഷിയും രുദ്രം-3-നുണ്ടാകും.
നിലവിൽ ഇത് വികസന ഘട്ടത്തിലാണ്. രുദ്രം പരമ്പരയിൽ ഏറ്റവും പുതിയതായി വികസിപ്പിച്ചെടുത്ത രുദ്രം-4, 300 കിലോമീറ്ററിലധികം ദൂരപരിധിയുള്ള ഒരു ലോംഗ്-റേഞ്ച് സ്റ്റാൻഡ്-ഓഫ് വെപ്പൺ (LRSOW) ആണ്. രുദ്രം-3-ന്റെ 550 കിലോമീറ്റർ ദൂരപരിധിയെയും ഇത് മറികടക്കാൻ സാധ്യതയുണ്ട്. പരമ്പരയിലെ മറ്റ് മിസൈലുകളേക്കാൾ ഭാരം കുറഞ്ഞതായിരിക്കും രുദ്രം-4. മണിക്കൂറിൽ 6,790 കിലോമീറ്ററിൽ കൂടുതൽ വേഗതയുള്ള ഇതിന്റെ ഹൈപ്പർസോണിക് വേഗത, റഡാറുകളിൽ നിന്നും തടസ്സപ്പെടുത്തുന്ന മറ്റ് സംവിധാനങ്ങളിൽ നിന്നും രക്ഷപ്പെടാൻ സഹായിക്കും.
INS-GPS നാവിഗേഷനും IIR പോലുള്ള നൂതന സീക്കറുകളും പാസീവ് ഹോമിംഗ് ഹെഡ്‌സും ഉള്ളതിനാൽ കമാൻഡ് സെന്ററുകൾ, റഡാർ സ്ഥാപനങ്ങൾ, ശക്തിപ്പെടുത്തിയ ബങ്കറുകൾ എന്നിവയെ കൃത്യമായി ലക്ഷ്യമിടാൻ ഇതിന് സാധിക്കും. റഷ്യയുടെ കിൻസാൽ മിസൈലിന് സമാനമായി, വ്യോമ പ്രതിരോധ റഡാർ ആർക്കുകളെ മറികടക്കുന്ന താഴ്ന്ന ഉയരത്തിലുള്ള ക്വാസി-ബാലിസ്റ്റിക് പാതകളും കൈകാര്യം ചെയ്യാൻ രുദ്രം-4 ന് കഴിയും. നിലവിൽ വികസന ഘട്ടത്തിലുള്ള രുദ്രം-4, 2030-ഓടെ പൂർണ്ണമായും നിർമ്മിച്ച് ഇന്ത്യൻ സൈന്യത്തിൻ്റെ ഭാഗമാവുമെന്നാണ് ഡിആർഡിഒ വ്യക്തമാക്കുന്നത്.
അതുപോലെ ഏറ്റവും പുതിയ നൂതന ഹൈപ്പർസോണിക് മിസൈൽ പരീക്ഷണത്തിനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. ‘പ്രോജക്ട് വിഷ്ണു’ എന്ന പേരിൽ പൂർണ്ണമായും തദ്ദേശീയ സാങ്കേതിക വിദ്യ ഉപയോഗിച്ച് വികസിപ്പിച്ചെടുത്ത ഈ മിസൈൽ രാജ്യത്തിന്റെ പ്രതിരോധ മേഖലയിലെ കുതിച്ചുചാട്ടത്തിന്റെ പ്രതീകമാണ്. ഈ മിസൈലിന്റെ പരമാവധി വേഗത ‘മാക് 8’ ആണ്.. നിലവിലുള്ള റഡാറിനും വ്യോമ പ്രതിരോധ സംവിധാനങ്ങൾക്കും ഈ മിസൈലിനെ കണ്ടെത്താനോ തടയാനോ സാധിക്കില്ല. ഇവ തന്ത്രപരമായി ഉപയോഗിക്കാവുന്ന ആയുധമാണ്.
ഈ മിസൈലിന്റെ നിർമ്മാണത്തിലൂടെ ഹൈപ്പർസോണിക് സാങ്കേതികവിദ്യയിൽ പ്രാവീണ്യം നേടിയ അമേരിക്ക, റഷ്യ, ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇന്ത്യയുടെ പേരും ചേർക്കപ്പെട്ടിരിക്കുകയാണ്. നിശ്ചിത പാതകളിലൂടെ സഞ്ചരിക്കുന്ന സാധാരണ ബാലിസ്റ്റിക് മിസൈലുകളിൽ നിന്ന് വ്യത്യസ്തമായി, ഇവയ്ക്ക് താഴ്ന്നും ഉയർന്നും മധ്യത്തിലുമെല്ലാം ദിശകൾ മാറ്റി സഞ്ചരിക്കാനാകും. ഈ മിസൈൽ പൂർണ്ണമായും ഇന്ത്യയിൽ നിർമ്മിച്ചതാണ്. സ്വകാര്യ സ്ഥാപനങ്ങളുമായി സഹകരിച്ച് ഡിആർഡിഒ ആണ് ഇത് വികസിപ്പിച്ചെടുത്തത്..
നൂതനമായ ഒരു സ്ക്രാംജെറ്റ് എഞ്ചിൻ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഈ മിസൈൽ, ഇന്ധനം കത്തിക്കാനായി അന്തരീക്ഷത്തിൽ നിന്നുള്ള വായു ആണ് ഉപയോഗിക്കുന്നത് . ഇത് ദീർഘനേരം വേഗത നിലനിർത്താൻ സഹായിക്കുന്നു.. ഇന്ത്യയുടെ പ്രതിരോധ ശേഷിക്ക് ഇത് വലിയ മുതൽക്കൂട്ടായിരിക്കും.