Banner Ads

മന്ത്രിസഭയെ കബളിപ്പിച്ചു; പിഎം ശ്രീ വിവാദത്തിൽ സർക്കാരിനെതിരെ വി ഡി സതീശൻ

തിരുവനനന്തപുരം : പിഎം ശ്രീയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പിഎം ശ്രീയുമായി ബന്ധപ്പെട്ട് വരുന്ന വിവരങ്ങൾ ഞെട്ടിപ്പിക്കുന്നതാണെന്നും കേന്ദ്രത്തിൽ നിന്ന് എന്ത് സമ്മർദ്ദമാണ് ഉണ്ടായതെന്ന് സർക്കാർ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പദ്ധതിയിൽ ചേരുന്നതിന് മുൻപ് മുന്നണിയിലോ മന്ത്രിസഭയിലോ വിഷയം ചർച്ച ചെയ്തില്ല. കേരളത്തെ മുഴുവൻ ഇരുട്ടിൽ നിർത്തിയാണ് തീരുമാനമെടുത്തത്. സാമ്പത്തിക പ്രതിസന്ധിയില്ലെന്ന് ധനമന്ത്രി പറയുമ്പോൾ വിദ്യാഭ്യാസ മന്ത്രിക്ക് മാത്രമായി എന്ത് പ്രതിസന്ധിയാണ് ഉള്ളതെന്ന് അദ്ദേഹം ചോദിച്ചു.

മുഖ്യമന്ത്രിക്ക് മേൽ സമ്മർദ്ദം ചെലുത്തുന്നത് സംഘപരിവാറാണെന്ന് വി ഡി സതീശൻ ആരോപിച്ചു. പത്താം തീയതി നടന്ന കൂടിക്കാഴ്ചയിൽ എന്തോ നടന്നിട്ടുണ്ട്. 16-ന് ഒപ്പുവച്ച ശേഷം മന്ത്രിസഭാംഗങ്ങളെപ്പോലും കബളിപ്പിച്ചു. കൂടിക്കാഴ്ചയ്ക്ക് ശേഷം രാഷ്ട്രീയ നിലപാട് മാറിയത് എന്തുകൊണ്ടാണ് എന്നും അദ്ദേഹം ചോദ്യമുയർത്തി. ശബരിമല വിഷയത്തിൽ പ്രതിപക്ഷം ഉയർത്തിയ എല്ലാ കാര്യങ്ങളും ശരിയാണെന്ന് തെളിഞ്ഞു.

ദേവസ്വം ബോർഡിനെ പുറത്താക്കണമെന്നും ദേവസ്വം മന്ത്രി രാജിവെക്കണം എന്നും സതീശൻ ആവശ്യപ്പെട്ടു. മെസ്സിയുടെ വരവ് കായിക മന്ത്രി രാഷ്ട്രീയമായി ഉപയോഗിക്കാൻ ശ്രമിച്ചു. ‘ഇനി മെസ്സി ചതിച്ചാശാനേ’ എന്ന് പറയുമോ എന്നും സതീശൻ പരിഹസിച്ചു. രാഷ്ട്രീയ ലാഭത്തിനായി എല്ലാം ഉപയോഗിക്കുന്നത് സർക്കാർ അവസാനിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.