Banner Ads

താരസംഘടനയായ അമ്മയുടെ ആഭ്യന്തര പ്രശ്നങ്ങളിൽ ബിജെപി ഇടപെടില്ല; പാർട്ടിയെ വലിച്ചിഴയ്ക്കരുതെന്ന് എസ് സുരേഷ്

തിരുവനന്തപുരം : താരസംഘടനയായ അമ്മയുടെ ആഭ്യന്തര പ്രശ്നങ്ങളിൽ ഇടപെടില്ലെന്ന് വ്യക്തമാക്കി ബിജെപി സംസ്ഥാന സെക്രട്ടറി എസ് സുരേഷ്. സിനിമ മേഖലയിൽ ബിജെപി ഇടപെടുന്നു എന്ന രീതിയിൽ വരുന്ന വാർത്തകൾ തെറ്റാണെന്നും പാർട്ടിയെ ഇതിലേക്ക് അനാവശ്യമായി വലിച്ചിഴയ്ക്കരുതെന്നും സുരേഷ് പറഞ്ഞു.

ഇടനിലക്കാരെ വെച്ചോ കോടികൾ കൊടുത്തോ ആരെയും വശത്താക്കേണ്ട ഗതികേട് ബിജെപിക്ക് ഇല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. സിനിമ വേഷധാരികളായ രാഷ്ട്രീയക്കാരാണ് ബിജെപിക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നത്. സിനിമയിൽ തുടർന്നിരുന്നെങ്കിൽ സുരേഷ് ഗോപിക്ക് കോടികൾ സമ്പാദിക്കാമായിരുന്നു.

ദേശീയതയിൽ വിശ്വസിക്കുന്നത് കൊണ്ടാണ് അദ്ദേഹം ബിജെപിയിൽ ചേർന്നത്. നടി ശ്വേത മേനോൻ ബിജെപി പ്രതിനിധിയല്ല. അവർ ഒരു ദേശീയവാദിയും മോദി ഭക്തയുമാണ്. എന്നാൽ ബിജെപി അംഗമല്ല. ഇന്നസെന്റ് അമ്മയുടെ പ്രസിഡന്റ് ആയപ്പോൾ സിപിഎം സംഘടന പിടിച്ചെടുക്കാൻ ശ്രമിക്കുകയാണെന്ന് ബിജെപി പറഞ്ഞിരുന്നില്ല.

രമേശ് പിഷാരടി അഡ്ഹോക്ക് കമ്മിറ്റി തലവനായി വന്നപ്പോഴും കോൺഗ്രസിനെതിരെ ഒന്നും പറഞ്ഞിട്ടില്ല. കൃത്യമായ രാഷ്ട്രീയ മാന്യത ബിജെപി പുലർത്തിയിട്ടുണ്ടെന്നും എസ് സുരേഷ് കൂട്ടിച്ചേർത്തു.