
കാസർകോട് : കേരളത്തിൽ എയിംസ് സ്ഥാപിക്കുന്നതിനായി കേന്ദ്ര സർക്കാരിന് സമർപ്പിക്കുന്ന പുതിയ സ്ഥല നിർദ്ദേശ പട്ടികയിൽ കാസർകോട് ജില്ലയെക്കൂടി ഉൾപ്പെടുത്തുമെന്ന് മുഖ്യമന്ത്രിയുടെയും ആരോഗ്യ മന്ത്രിയുടെയും ഉറപ്പ്.
വർഷങ്ങളായി കാസർകോടിന്റെ ആരോഗ്യ പിന്നാക്കാവസ്ഥ ചൂണ്ടിക്കാട്ടി സമരം ചെയ്യുന്ന എയിംസ് കാസർകോട് ജനകീയ കൂട്ടായ്മ ഭാരവാഹികളാണ് ഇക്കാര്യം അറിയിച്ചത്. ജില്ലയിലെ പുല്ലൂർ പെരിയയിലെ റവന്യൂ ഭൂമി ഉൾപ്പെടുത്തി പട്ടിക പുതുക്കി നൽകാനാണ് സർക്കാരിന്റെ തീരുമാനം.
ഉന്നത ചികിത്സാ കേന്ദ്രമായ എയിംസ് കാസർകോട്ട് സ്ഥാപിക്കണമെന്നത് കാലങ്ങളായുള്ള ആവശ്യമാണ്. മുൻപ് ഇടതുപക്ഷ സർക്കാരിന്റെ കാലത്ത് കോഴിക്കോട് കിനാലൂർ അടക്കമുള്ള സ്ഥലങ്ങളാണ് പരിഗണനയിലുണ്ടായിരുന്നത്.
എന്നാൽ പുതിയ സർക്കാർ അധികാരമേറ്റതോടെ കാസർകോടിന്റെ ആവശ്യത്തിന് അനുകൂലമായ നിലപാടാണ് ഉണ്ടായിരിക്കുന്നത്. എയിംസ് പട്ടികയിൽ കാസർകോടിനെ ഉൾപ്പെടുത്തുന്നതോടെ ജില്ല നേരിടുന്ന ആരോഗ്യ പ്രതിസന്ധികൾക്ക് പരിഹാരമാകുമെന്നാണ് പ്രതീക്ഷ.