Banner Ads

വികസനം ഇല്ലെന്ന വാദം കഴമ്പില്ലാത്തത്; പ്രതിപക്ഷ ആരോപണങ്ങൾ തള്ളി എംവി ഗോവിന്ദൻ

തിരുവനന്തപുരം : തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉയർത്തുന്ന ആരോപണങ്ങളെ തള്ളിപ്പറഞ്ഞ് സിപിഐ സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ഇടതുപക്ഷം ഒറ്റക്കെട്ടായി ഐക്യപ്പെട്ട് നിൽക്കുന്ന തിരഞ്ഞെടുപ്പാണിതെന്ന് അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്ത് വികസനം നടക്കുന്നില്ലെന്ന പ്രതിപക്ഷ വാദത്തിൽ കഴമ്പില്ല. ജനങ്ങൾക്ക് വസ്തുത ബോധ്യമുണ്ട്.

മതനിരപേക്ഷതക്ക് വിരുദ്ധമായി പ്രതിപക്ഷം പ്രോത്സാഹിപ്പിക്കുന്നത് മതതീവ്രവാദ നിലപാടുകളെയാണ് എംവി ഗോവിന്ദൻ പറഞ്ഞു. ശബരിമല സ്വർണ്ണത്തട്ടിപ്പ് വിഷയത്തിലും എംവി ഗോവിന്ദൻ മാധ്യമങ്ങളോട് പ്രതികരിച്ചു. സിപിഎം അന്വേഷണത്തെ പൂർണ്ണമായും സ്വാഗതം ചെയ്യുന്നു. അയ്യപ്പന്റെ ഒരു തരി സ്വർണ്ണം പോലും നഷ്ടമാകരുത് എന്ന് തന്നെയാണ് ഞങ്ങളുടെ നിലപാട്.

നിയമസഭയിൽ മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയതാണ്. യുഡിഎഫ് അന്വേഷണവുമായി സഹകരിച്ചില്ലെന്നും അന്വേഷണം സിബിഐക്ക് വിടണം എന്ന വാദമാണ് ഉന്നയിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അന്വേഷണം ആരംഭിച്ച ഘട്ടത്തിലും ആദ്യ അറസ്റ്റുകളുടെ കാലത്തും രാഷ്ട്രീയ നിലപാട് സിപിഎമ്മിനില്ല. അറസ്റ്റിൽ രാഷ്ട്രീയ കാഴ്ചപ്പാട് മുൻനിർത്തിയല്ല പാർട്ടി നിലപാട് സ്വീകരിക്കുന്നത്.

ഹൈക്കോടതി മേൽനോട്ടത്തിലെ അന്വേഷണത്തെ സിപിഎം പൂർണ്ണമായും പിന്തുണച്ചിട്ടുണ്ട്. ആദ്യം അറസ്റ്റിലായവർക്ക് കോൺഗ്രസ് ബന്ധം അടക്കം പുറത്ത് വന്നിരുന്നു. കുറ്റം ചെയ്ത ആർക്കും സംരക്ഷണം നൽകില്ലെന്നും കുറ്റവാളികൾക്ക് ശിക്ഷ വേണം എന്നും എംവി ഗോവിന്ദൻ മാസ്റ്റർ കൂട്ടിച്ചേർത്തു.