Banner Ads

താമരശ്ശേരി ചുരം ഭാഗികമായി തുറന്നു; ചെറുവാഹനങ്ങൾ കടന്നുപോകാൻ അനുമതി

താമരശ്ശേരി: മണ്ണിടിച്ചിലിനെ തുടർന്ന് അടച്ചിട്ടിരുന്ന താമരശ്ശേരി ചുരം ഭാഗികമായി തുറന്നു. മഴ കുറഞ്ഞ സാഹചര്യത്തിൽ, ഒരു വരിയിലൂടെ ചെറു വാഹനങ്ങൾ കടത്തിവിട്ട് തുടങ്ങി. അതേസമയം, ഭാരമേറിയ വാഹനങ്ങൾക്ക് നിലവിൽ യാത്രാനുമതി നൽകിയിട്ടില്ല.

ചുരത്തിൽ വീണ്ടും മണ്ണിടിച്ചിലുണ്ടാകാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്ന് അതീവ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. വിദഗ്ദ്ധസംഘം നടത്തിയ പരിശോധനയിൽ 80 അടി ഉയരത്തിൽ മലയിൽ പൊട്ടൽ കണ്ടെത്തിയിരുന്നു. തുടർച്ചയായി നൂറ് ദിവസത്തോളം പെയ്ത മഴയാണ് മണ്ണിടിച്ചിലിന് കാരണമെന്ന് വിദഗ്ധർ വിലയിരുത്തുന്നു.

ഭാരമേറിയ വാഹനങ്ങൾ കടത്തിവിടുന്ന കാര്യത്തിൽ ഉച്ചയ്ക്ക് ശേഷം വിദഗ്ദ്ധസംഘത്തിന്റെ റിപ്പോർട്ട് ലഭിച്ചതിന് ശേഷം തീരുമാനമെടുക്കുമെന്ന് ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിങ് അറിയിച്ചു. ഈ വാഹനങ്ങൾ കുറ്റ്യാടി, നാടുകാണി ചുരം വഴിയുള്ള ബദൽ മാർഗ്ഗങ്ങൾ ഉപയോഗിക്കണമെന്നും അദ്ദേഹം നിർദേശിച്ചു.

കൂടാതെ, ഓണത്തിരക്ക് കണക്കിലെടുത്ത് ചുരത്തിലെ യാത്രാപ്രശ്നങ്ങൾ ഉടൻ പരിഹരിക്കുമെന്നും കളക്ടർ വ്യക്തമാക്കി. ഇതിനിടെ, കുറ്റ്യാടി ചുരത്തിലെ അഞ്ചാം വളവിൽ ചെറിയ തോതിൽ മണ്ണിടിച്ചിലുണ്ടായി.