
കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ അടിവാരത്തിനടുത്ത് 28-ാം മൈലിൽ നിയന്ത്രണം വിട്ട ചരക്ക് ലോറി ഇടിച്ച് രണ്ട് തട്ടുകടകൾ പൂർണമായും തകർന്നു. ഇന്ന് പുലർച്ചെ 1.30-ഓടെയാണ് അപകടം നടന്നത്.മൈസൂരിൽനിന്ന് കോട്ടയത്തേക്ക് ചരക്കുമായി വന്ന ലോറിയാണ് ചുരം ഇറങ്ങുന്നതിനിടെ ബ്രേക്ക് നഷ്ടപ്പെട്ട് അപകടത്തിൽപ്പെട്ടത്.സംഭവത്തിൽ ലോറി ഡ്രൈവറായ പെരിന്തൽമണ്ണ സ്വദേശി ജുറൈസിന് പരിക്കേറ്റു.
ഇദ്ദേഹത്തെ അടിവാരം പോലീസ് ഔട്ട് പോസ്റ്റിൽനിന്ന് എസ്.ഐ. ശ്രീനിവാസന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഔദ്യോഗിക വാഹനത്തിൽ ഈങ്ങാപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പരിക്ക് സാരമുള്ളതല്ല. ലോറിയിലെ ക്ലീനർ ദിനേശ് പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
പകൽ സമയങ്ങളിൽ തിരക്കേറിയ ഈ ഭാഗത്ത് അപകടം നടന്നത് രാത്രി വൈകിയും കടകൾ അടച്ച സമയത്തുമയതുകൊണ്ട് വൻ ദുരന്തം ഒഴിവായി. കടകളിൽ ആളുകളോ റോഡിൽ വാഹനങ്ങളോ ഇല്ലാതിരുന്നത് അപകടത്തിന്റെ വ്യാപ്തി കുറച്ചു.അടിവാരം സ്വദേശികളായ കാദർ, ഗഫൂർ എന്നിവരുടെ ഉടമസ്ഥതയിലുള്ള കടകളാണ് തകർന്നത്. ഏകദേശം മൂന്ന് ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി കടയുടമ കാദർ അറിയിച്ചു.