കരുനാഗപ്പള്ളി: തഴവ ഗവ. കോളജ് സൗകര്യപ്രധമായ പുതിയ കെട്ടിടത്തിലേക്ക് മാറ്റാന്‍ തീരുമാനമായത് താല്‍ക്കാലിക കെട്ടിടത്തില്‍ പ്രവർത്തിച്ചു വരികയായിരുന്നു ഇത്.ഏറെക്കാലമായി സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് കോളജ് പ്രവർത്തിച്ചുവരുന്നത്. കെട്ടിടത്തിന് അടിസ്ഥാന സൗകര്യങ്ങളോ കോളജ്തല ക്ലാസ് പ്രവർത്തിപ്പിക്കുന്നതിനോയുള്ള അടിസ്ഥാന സൗകര്യം ഇല്ലാത്തതിനാല്‍ ഒരാഴ്ചക്ക് മുമ്ബ് വിദ്യാർഥികള്‍ സമരത്തിലായിരുന്നു.
വിദ്യാർഥി പ്രതിനിധികളുമായി സി.ആർ. മഹേഷ് എം.എല്‍.എ സംസാരിച്ചതിന്‍റെ അടിസ്ഥാനത്തില്‍ സമരം പിൻവലിക്കുകയും അതിൻപ്രകാരം കലക്ടറുടെ നേതൃത്വത്തിലുള്ള കോളജ് വികസന സമിതി ചേരാൻ തീരുമാനിച്ചിരുന്നു. കോളജിന്‍റെ പുതിയ കെട്ടിട നിർമാണത്തി നായി ഐ.എച്ച്.ആർ.ഡി എൻജിനീയറിങ് കോളജില്‍നിന്ന് അഞ്ചേക്കറിലധികം വസ്തു അനുവദിക്കുകയും കെട്ടിട നിർമാണത്തിന് കിഫ്ബിയില്‍നിന്ന് അനുമതിയും ലഭിച്ചിരുന്നു. എന്നാല്‍, നിരവധിയായ തടസ്സങ്ങള്‍ കാരണം നിർമാണം ആരംഭിക്കാൻ കഴിഞ്ഞിരുന്നില്ല.
സി.ആർ. മഹേഷ് എം.എല്‍.എയുടെ നേതൃത്വത്തില്‍ നിരന്തരമായി യോഗം ചേരുകയും അതിന്‍റെ അടിസ്ഥാനത്തില്‍ കെട്ടിട നിർമാണത്തിനുള്ള ഭരണാനുമതി ലഭിക്കുകയും സാങ്കേതിക അനുമതിക്കായി നല്‍കിയിട്ടുള്ളതുമാണ്. ഉടൻ കെട്ടിട നിർമാണം ആരംഭിക്കാമെന്ന് കിഫ്ബി അഡിഷനല്‍ ഡയറക്ടർ യോഗത്തില്‍ ഉറപ്പ് നല്‍കിയതായി എം.എല്‍.എ അറിയിച്ചു.സി.ആർ. മഹേഷ് എം.എല്‍.എയുടെ ആവശ്യപ്രകാരം കലക്ടറുടെ ചേംബറില്‍ ചേർന്ന യോഗമാണ് തീരുമാനമെടുത്തത്