
തിരുവനന്തപുരം : സംസ്ഥാനത്തെ കടുത്ത വൈദ്യുതി പ്രതിസന്ധി നേരിടാൻ പുറത്തുനിന്ന് വൈദ്യുതി വാങ്ങാൻ കെഎസ്ഇബിക്ക് വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ അനുമതി നൽകി. അടിയന്തര സാഹചര്യം പരിഗണിച്ച് ബോർഡ് സമർപ്പിച്ച ഹർജിയിലാണ് കമ്മീഷന്റെ നിർണ്ണായക തീരുമാനം.
പരമാവധി 250 മെഗാവാട്ട് വൈദ്യുതി വരെ വാങ്ങാം. ഒരു യൂണിറ്റ് വൈദ്യുതിക്ക് 10 രൂപയിൽ താഴെ മാത്രമേ വില നൽകാൻ പാടുള്ളൂ. മെയ് 15 വരെ വൈദ്യുതി വാങ്ങാനാണ് അനുമതി നൽകിയിരിക്കുന്നത്. ഏപ്രിൽ 18ന് പ്രതിദിന ഉപയോഗം 117 ദശലക്ഷം യൂണിറ്റ് റെക്കോർഡിലെത്തിയിരുന്നു.
ഈ അധിക ആവശ്യം നിറവേറ്റാൻ ആഭ്യന്തര ഉൽപ്പാദനം തികയാത്ത സാഹചര്യത്തിലാണ് കെഎസ്ഇബി കമ്മീഷനെ സമീപിച്ചത്. കഴിഞ്ഞ 24ന് നടന്ന ഹിയറിംഗിൽ കെഎസ്ഇബിയുടെ ഹർജി അപൂർണ്ണമാണെന്ന് കണ്ട് പുതുക്കി നൽകാൻ കമ്മീഷൻ നിർദ്ദേശിച്ചിരുന്നു.