Banner Ads

പാചകവാതക ക്ഷാമം രൂക്ഷം; പൂഴ്ത്തിവെച്ച 23 സിലിണ്ടറുകൾ പിടികൂടി, ഹോട്ടലുകൾ പ്രതിസന്ധിയിൽ

കല്‍പ്പറ്റ : വയനാട്ടിൽ പാചകവാതക ക്ഷാമം രൂക്ഷം. അമിതവില നൽകിയാൽ പോലും സിലിണ്ടറുകൾ ലഭിക്കാത്ത സാഹചര്യം നിലനിൽക്കുന്നതോടെ പല ഭക്ഷണശാലകളും അടച്ചുപൂട്ടലിന്റെ വക്കിലാണ്. ഇതിനിടെ കൈതപ്പൊയിലിൽ നിന്ന് അനധികൃതമായി സൂക്ഷിച്ച 23 സിലിണ്ടറുകൾ പിടികൂടി.

സുൽത്താൻ ബത്തേരി, കൽപ്പറ്റ, മാനന്തവാടി, വൈത്തിരി തുടങ്ങിയ ഇടങ്ങളിലെല്ലാം ഹോട്ടൽ നടത്തിപ്പ് ദുഷ്കരമായിരിക്കുകയാണ്. സിലിണ്ടറുകൾക്ക് ഓരോ സമയത്തും ഓരോ വിലയാണെന്നും ഇത് ഭക്ഷണസാധനങ്ങളുടെ വില വർദ്ധിപ്പിക്കാൻ കാരണമാകുന്നുണ്ടെന്നും വ്യാപാരികൾ പറയുന്നു.

നഗരപ്രദേശങ്ങളിലെ ഹോട്ടലുകളിൽ വിറകടുപ്പുകൾ നിർമ്മിക്കുന്നത് പ്രായോഗികമല്ലാത്തതിനാൽ ഗ്യാസ് സിലിണ്ടറുകളെ തന്നെ ആശ്രയിക്കേണ്ടി വരുന്നു. ഇത് മുതലെടുത്ത് ചിലർ സിലിണ്ടറുകൾ പൂഴ്ത്തിവെച്ച് കൊള്ളവില ഈടാക്കുന്നതായും ആക്ഷേപമുണ്ട്.

ജില്ലാ സപ്ലൈ ഓഫീസറുടെ നേതൃത്വത്തിലുള്ള വയനാട്, കോഴിക്കോട് സ്‌പെഷ്യൽ എൻഫോഴ്‌സ്‌മെന്റ് വിഭാഗം നടത്തിയ പരിശോധനയിലാണ് കൈതപ്പൊയിലിലെ സ്വകാര്യ സ്ഥാപനത്തിൽ നിന്ന് 23 അനധികൃത സിലിണ്ടറുകൾ കണ്ടെത്തിയത്.

അനധികൃതമായി പാചകവാതക സിലിണ്ടറുകൾ സംഭരിക്കുകയോ ദുരുപയോഗം ചെയ്യുകയോ ചെയ്യുന്നവർക്കെതിരെ അവശ്യസാധന നിയമപ്രകാരം കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ ജെയിംസ് പീറ്റർ മുന്നറിയിപ്പ് നൽകി.