Banner Ads

തഹസിൽദാരുടെ മാവേലി വേഷം ഓണാഘോഷത്തിന് മാറ്റ് കൂട്ടി; ആശംസകളുമായി എംഎൽഎയും

പാലക്കാട്: മാവേലി വേഷം കെട്ടി തഹസിൽദാർ. ആശംസകളുമായി എംഎൽഎയും ഡെപ്യൂട്ടി കളക്ടറും. പട്ടാമ്പി മിനി സിവിൽ സ്റ്റേഷനിലാണ് ആർപ്പുവിളികളും ഓണസദ്യയുമായി ഓണാഘോഷം സംഘടിപ്പിച്ചത്.

ഔദ്യോഗിക കാര്യങ്ങൾക്കിടയിലെ ഇടവേളയിലാണ് പട്ടാമ്പി മിനി സിവിൽ സ്റ്റേഷനിൽ ഓണാഘോഷം സംഘടിപ്പിച്ചത്. മാവേലി വേഷം കെട്ടി ഡെപ്യൂട്ടി തഹസിൽദാർ സെയ്ത് മുഹമ്മദ് കൂടി എത്തിയതോടെ സഹപ്രവർത്തകർക്കും ഓണാഘോഷം ആവേശമായി. മുഹമ്മദ് മുഹ്സിൻ എംഎൽഎ, ഡെപ്യൂട്ടി കളക്ടർ ആൽഫ, തഹസിൽദാർ ടി പി കിഷോർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

മിനി സിവിൽ സ്റ്റേഷൻ അങ്കണത്തിലും എല്ലാ വകുപ്പ് ഓഫീസുകളിലും പൂക്കളങ്ങൾ ഒരുക്കിയിരുന്നു. ജീവനക്കാരുടെ ഓണപ്പാട്ടും ഉണ്ടായിരുന്നു. തുടർന്ന് വിഭവസമൃദ്ധമായ സദ്യയോട് കൂടി ഓണാഘോഷം സമാപിച്ചു.