
തൃശൂർ : തൃശൂരിലെ പടക്ക നിർമ്മാണ കേന്ദ്രത്തിലുണ്ടായ സ്ഫോടനത്തിൽ മരണം എട്ടായി. തിരുവമ്പാടി വിഭാഗത്തിന്റെ സാമ്പിൾ വെടിക്കെട്ട് ഒരുക്കുന്ന അഞ്ച് താത്ക്കാലിക പുരകൾക്കും തീപിടിച്ചു. വൈകിട്ട് മൂന്നരയോടെയാണ് അപകടം ഉണ്ടായത്. അഞ്ച് പുരകളിലായി നടന്ന നിർമ്മാണത്തിനിടെ ഒരിടത്തുണ്ടായ തീപിടുത്തം മറ്റ് നാല് പുരകളിലേക്കും പടരുകയായിരുന്നു.
മുണ്ടത്തിക്കോടുള്ള വെടിക്കെട്ട് പുരയിലാണ് സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തിന്റെ ആഘാതത്തിൽ മൃതദേഹങ്ങൾ തിരിച്ചറിയാൻ കഴിയാത്ത വിധം ചിന്നിച്ചിതറി. സമീപത്തെ പാടശേഖരങ്ങളിൽ നിന്നുൾപ്പെടെ ശരീരഭാഗങ്ങൾ കണ്ടെടുത്തിട്ടുണ്ട്. എത്ര പേർ ജോലിയിലുണ്ടായിരുന്നു എന്നതിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ല.
പ്രദേശത്ത് ഇപ്പോഴും സ്ഫോടനങ്ങൾ തുടരുന്നതും കനത്ത പുക നിറഞ്ഞതും രക്ഷാപ്രവർത്തനത്തെ ബാധിച്ചിട്ടുണ്ട്. പരിക്കേറ്റവരിൽ പത്തുപേരുടെ നില അതീവ ഗുരുതരമാണ്. ഇവരെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.