
തിരുവനന്തപുരം : കേരള ബജറ്റിൽ വാഹന നികുതി ഘടനയിൽ മാറ്റങ്ങൾ പ്രഖ്യാപിച്ച് വിഡി സതീശൻ സർക്കാർ. പരിസ്ഥിതി സൗഹൃദ ഗതാഗതത്തെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം സംസ്ഥാനത്തിന്റെ വരുമാന സമതുലിതാവസ്ഥ ഉറപ്പാക്കാനും ലക്ഷ്യമിട്ടുള്ള സുപ്രധാന പ്രഖ്യാപനങ്ങളാണ് ബജറ്റിൽ ഉള്ളത്.
വാഹനങ്ങളുടെ വിലയ്ക്ക് അനുസരിച്ചാണ് ഇലക്ട്രിക് വാഹനങ്ങളുടെ റോഡ് നികുതി പരിഷ്കരിച്ചിരിക്കുന്നത്. 10 ലക്ഷം രൂപ വരെ വിലയുള്ള ഇലക്ട്രിക് വാഹനങ്ങൾക്ക് നിലവിലെ 5 ശതമാനം റോഡ് നികുതി 3 ശതമാനമായി കുറച്ചു. ഇത് സാധാരണ കുടുംബങ്ങൾക്ക് വലിയ ആശ്വാസമാകും.
15 ലക്ഷം മുതൽ 20 ലക്ഷം രൂപ വരെ വിലയുള്ള വാഹനങ്ങൾക്ക് നികുതി വലിയ തോതിൽ കുറച്ചു. മുൻപുണ്ടായിരുന്ന 8 ശതമാനത്തിൽ നിന്ന് നികുതി 3 ശതമാനമാക്കിയാണ് ചുരുക്കിയത്. 20 ലക്ഷം മുതൽ 40 ലക്ഷം രൂപ വരെയുള്ള വാഹനങ്ങൾക്ക് 10 ശതമാനം നികുതി തുടരും.
40 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ആഡംബര ഇലക്ട്രിക് വാഹനങ്ങൾക്ക് നികുതി 10 ശതമാനത്തിൽ നിന്ന് 15 ശതമാനമായി വർദ്ധിപ്പിച്ചു. ഉയർന്ന വിലയുള്ള വാഹനങ്ങളിൽ നിന്ന് കൂടുതൽ വരുമാനം കണ്ടെത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഭിന്നശേഷിക്കാർക്ക് മോട്ടർ വാഹന നികുതി ഇളവ് ലഭിക്കുന്ന വാഹനത്തിന്‍റെ മൂല്യപരിധി ഏഴ് ലക്ഷത്തിൽ നിന്നും 15 ലക്ഷം രൂപയായി ഉയർത്തി. ഇതിലൂടെ കൂടുതൽ മെച്ചപ്പെട്ടതും സുരക്ഷിതവുമായ വാഹനങ്ങൾ നികുതിയിളവോടെ സ്വന്തമാക്കാൻ ഭിന്നശേഷിക്കാർക്ക് സാധിക്കും.