Banner Ads

നിതിൻ രാജിന്റെ മരണം; ഡോ എം കെ റാമിന് തിരിച്ചടി, മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

കണ്ണൂർ : അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ ഒന്നാം പ്രതിയായ അധ്യാപകൻ ഡോ എം കെ റാമിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. നേരത്തെ തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയും റാമിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു.

ഏപ്രിൽ 10നാണ് നിതിൻ രാജ് കോളേജ് കെട്ടിടത്തിൽ നിന്നും ചാടി ആത്മഹത്യ ചെയ്തത്. ഡെന്റൽ അനാട്ടമി വിഭാഗം മേധാവിയായിരുന്ന ഡോ എം കെ റാം തനിക്കെതിരെ കടുത്ത മാനസിക പീഡനം നടത്തുന്നുണ്ടെന്ന് നിതിൻ നേരത്തെ തന്നെ കുടുംബത്തെ അറിയിച്ചിരുന്നു.

നിതിന്റെ മരണത്തിന് പിന്നാലെ കോളേജിലെ മറ്റ് വിദ്യാർത്ഥികളും ഡോ റാമിനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു. റാം വിദ്യാർത്ഥികളെ മാനസികമായും ശാരീരികമായും നിരന്തരം പീഡിപ്പിച്ചിരുന്നതായി സഹപാഠികൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

സംഭവത്തിൽ ഡോ എംകെ റാം, ഡോ സംഗീത നമ്പ്യാർ എന്നിവരെ പ്രതിചേർത്താണ് പൊലീസ് കേസന്വേഷിക്കുന്നത്. ഇരുവരെയും അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് മാനേജ്‌മെന്റ് ജോലിയിൽ നിന്ന് പുറത്താക്കിയിരുന്നു.