Banner Ads

കൂടിക്കാഴ്ചയ്ക്കിടെ സമ്മാനമായി കിട്ടിയ മിനിയേച്ചർ കാർ; കൗതുകത്തോടെ ഓടിച്ചുനോക്കി തമിഴ്നാട് മുഖ്യമന്ത്രി

തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് വീണ്ടും സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്. ഇത്തവണ രാഷ്ട്രീയ പ്രസംഗങ്ങളോ ഭരണപരമായ കടുത്ത പ്രഖ്യാപനങ്ങളോ കൊണ്ടല്ല താരം ജനശ്രദ്ധ ആകർഷിച്ചത്.

സമ്മാനമായി ലഭിച്ച ഒരു ചെറിയ കളിപ്പാട്ട കാർ കണ്ട് ഒരു കൊച്ചുകുട്ടിയുടെ നിഷ്കളങ്കതയോടെയും കൗതുകത്തോടെയും അത് പരിശോധിക്കുന്ന വിജയ്‌യുടെ വീഡിയോയാണ് ലക്ഷക്കണക്കിന് ആളുകൾ ഏറ്റെടുത്തിരിക്കുന്നത്.

വിയറ്റ്നാമീസ് ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ വിൻഫാസ്റ്റ് കമ്പനിയുടെ ഏഷ്യാ മേഖല മാനേജിംഗ് ഡയറക്ടർ ഫാം സാൻ ചൗവും പ്രതിനിധികളും തമിഴ്‌നാട്ടിലെ ഇലക്ട്രിക് വാഹന നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിജയ്‌യുമായി സെക്രട്ടേറിയറ്റിൽ കൂടിക്കാഴ്ച നടത്തിയിരുന്നു.

ഈ കൂടിക്കാഴ്ചയ്ക്കിടയിലാണ് ഹൃദ്യമായ നിമിഷം അരങ്ങേറിയത്. തങ്ങളുടെ പ്രമുഖ ഇലക്ട്രിക് എസ്‍യുവി മോഡലായ വിൻഫാസ്റ്റ് വിഎഫ് 8 ന്റെ അതേ രൂപത്തിലുള്ള ഒരു ചെറിയ മിനിയേച്ചർ മോഡൽ കമ്പനി അധികൃതർ മുഖ്യമന്ത്രിക്ക് സമ്മാനമായി കൈമാറി.

ഉപഹാരം സ്വീകരിച്ച ഉടൻ തന്നെ തോളിലെ ഗൗരവമേറിയ രാഷ്ട്രീയ ചുമതലകളെല്ലാം മറന്ന് വിജയ് കളിപ്പാട്ടത്തിലേക്ക് ശ്രദ്ധ തിരിച്ചു. മേശപ്പുറത്ത് വെച്ച് അദ്ദേഹം ആ മിനിയേച്ചർ കാർ ചെറുതായി മുന്നോട്ടും പിന്നോട്ടും ഓടിച്ചു നോക്കി.

അത്രയും കൃത്യതയോടെ നിർമ്മിച്ച ആ മിനിയേച്ചർ മോഡലിന്റെ ഓരോ വാതിലുകളും വിജയ് തന്റെ വിരലുകൾ കൊണ്ട് പതിയെ തുറന്നു. അതിനകത്തെ സീറ്റുകളും സ്റ്റിയറിംഗും ഉൾപ്പെടെയുള്ള ഇന്റീരിയർ രൂപകൽപ്പന കൗതുകത്തോടെ നിരീക്ഷിച്ചു.

വീഡിയോ എക്സ്, ഇൻസ്റ്റാഗ്രാം തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ പ്രചരിച്ചതോടെ ദളപതി ആരാധകർ ഇത് വലിയ രീതിയിലാണ് ആഘോഷിക്കുന്നത്. രാഷ്ട്രീയത്തിന്റെയും ഭരണത്തിന്റെയും തിരക്കുകൾക്കിടയിലും വിജയ്‌യുടെ ഉള്ളിലെ നിഷ്കളങ്കനായ കുട്ടി ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നാണ് ആരാധകരുടെ പക്ഷം.

ഒരു പുരുഷന്റെ മനസ്സിൽ നിന്നും കുട്ടിയെ ഒരിക്കലും പുറത്താക്കാൻ കഴിയില്ല എന്നും പ്രായം എത്രയായാലും ആണുങ്ങൾക്ക് കളിപ്പാട്ട കാറുകളോടുള്ള ഇഷ്ടം ഒരു വികാരമാണ് എന്നും തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്.