
കോഴിക്കോട് : ആശുപത്രി ജീവനക്കാരിയെ ആക്രമിച്ച കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം കോടതിയിൽ ഹാജരാകാതെ മുങ്ങിനടന്ന പ്രതിയെ ഫറോക്ക് പോലീസ് അറസ്റ്റ് ചെയ്തു. ഫറോക്ക് കരുവൻതിരുത്തി സ്വദേശി കടന്നലിൽ വീട്ടിൽ മുഹമ്മദ് മർജഹാൻ ആണ് വീണ്ടും പോലീസിന്റെ പിടിയിലായത്. 2024 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ഫറോക്ക് താലൂക്ക് ആശുപത്രിയിലെത്തിയ പ്രതി അവിടെയുണ്ടായിരുന്ന വനിതാ ജീവനക്കാരിയെ ക്രൂരമായി ആക്രമിക്കുകയായിരുന്നു. ജീവനക്കാരിയുടെ കഴുത്തിന് കുത്തിപ്പിടിക്കുകയും നെഞ്ചിൽ ഇടിക്കുകയും ചെയ്ത പ്രതി കേട്ടാലറയ്ക്കുന്ന ഭാഷയിൽ അസഭ്യം പറയുകയും ചെയ്തു.
സംഭവത്തിന് പിന്നാലെ പോലീസ് മുഹമ്മദ് മർജഹാനെ അറസ്റ്റ് ചെയ്യുകയും കോടതി പ്രതിയെ റിമാൻഡ് ചെയ്യുകയും ചെയ്തിരുന്നു. കോടതിയിൽ നിന്ന് പിന്നീട് ജാമ്യം നേടിയ പ്രതി വ്യവസ്ഥകൾ ലംഘിച്ച് ഒളിവിൽ പോകുകയായിരുന്നു. കേസിന്റെ വിചാരണയ്ക്ക് കോടതിയിൽ ഹാജരാകാതെ മുങ്ങിനടന്ന ഇയാൾക്കായി പോലീസ് തെരച്ചിൽ നടത്തിവരികയായിരുന്നു.
പ്രതി രഹസ്യമായി വീണ്ടും ഫറോക്കിൽ എത്തിയിട്ടുണ്ടെന്ന വിവരം ഫറോക്ക് പോലീസിന് ലഭിച്ചു. സിവിൽ പോലീസ് ഓഫീസർമാരായ ഷിബിൻ, അഖിലേഷ് എന്നിവരടങ്ങിയ സംഘം സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ വീണ്ടും റിമാൻഡ് ചെയ്തു.