Banner Ads

ഹിന്ദി അടിച്ചേൽപ്പിക്കലിനെതിരെ തമിഴ്‌നാട്; സംസ്ഥാനത്ത് ഹിന്ദി നിരോധിക്കാൻ സർക്കാർ ബിൽ കൊണ്ടുവരുന്നു

ചെന്നൈ : ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തെ ചെറുക്കുന്നതിന്റെ ഭാഗമായി തമിഴ്‌നാട്ടിൽ ഹിന്ദി നിരോധിക്കുന്നതിനുള്ള ബിൽ നിയമസഭയിൽ അവതരിപ്പിക്കാൻ സംസ്ഥാന സർക്കാർ. നിയമസഭാ സമ്മേളനത്തിന്റെ അവസാന ദിവസം മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ബിൽ അവതരിപ്പിക്കുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

തമിഴ്‌നാട്ടിലുടനീളമുള്ള ഹിന്ദി ഹോർഡിങ്ങുകൾ, ബോർഡുകൾ, ഹിന്ദി ഭാഷാ സിനിമകൾ, പാട്ടുകൾ എന്നിവ നിരോധിക്കുക എന്നതാണ് ബില്ലിന്റെ പ്രധാന ലക്ഷ്യം. നിയമനിർമ്മാണത്തിന്റെ സാധ്യതകൾ സംബന്ധിച്ച് വിദഗ്ധരുമായി മുഖ്യമന്ത്രി ചൊവ്വാഴ്ച രാത്രി അടിയന്തര യോഗം ചേർന്നതായും റിപ്പോർട്ടുകളുണ്ട്.

ഹിന്ദി അടിച്ചേൽപ്പിക്കലിനെ എതിർക്കുന്നുണ്ടെന്നും എന്നാൽ ഭരണഘടനയ്ക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ലെന്നും മുതിർന്ന ഡി.എം.കെ. നേതാവ് ടി. കെ. എസ്. ഇളങ്കോവൻ പ്രതികരിച്ചു. തമിഴ് ഭാഷയെ പ്രോത്സാഹിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഈ വർഷം ആദ്യം സംസ്ഥാന സർക്കാർ ഔദ്യോഗിക ഇന്ത്യൻ രൂപയുടെ ചിഹ്നത്തിന് പകരം തമിഴ് ചിഹ്നം സംസ്ഥാന ബജറ്റിന്റെ ലോഗോയായി ഉപയോഗിച്ചിരുന്നു.